
ഇടുക്കി: കാട്ടാനയുടെ ആക്രമണത്തില്‍ പൊറുതിമുട്ടി മൂന്നാറിലെ പെരിയവര എസ്റ്റേറ്റ്. എസ്റ്റേറ്റില്‍ വീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കഴിഞ്ഞ ദിവസം കാട്ടാന തകര്‍ത്തു. വാഹനങ്ങളടക്കം കാട്ടാനകള്‍ പതിവായി വാഹനങ്ങള്‍ തകര്‍ക്കുമ്പോഴും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ പെരിയവര എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനിലെ എസ്റ്റേറ്റ്ലയത്തിനു മുന്നല്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷായാണ് കാട്ടാന തകര്‍ത്തത്.
പെരിയവര എസ്റ്റേറ്റ് ജീവനക്കാരനായ എഡ്വേര്‍ഡിന്റെ മകനായ രാജായുടെ ഓട്ടോയാണ് തകര്‍ത്തത്. ഞായറാഴ്ച രാത്രിയോടെയാണ് ആനയെത്തിയത്. ഓട്ടോ റിക്ഷ കൂടാതെ വീടിനു സമീപത്തുണ്ടായിരുന്ന ഡിഷ് ആന്റിനയും വീടിനോടു തൊട്ടു ചേര്‍ന്നുണ്ടായിരുന്നു കൃഷികളുമെല്ലാം നശിപ്പിച്ച ശേഷമാണ് കാട്ടാന മടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പെരിയവര എസ്റ്റേറ്റില്‍ കാട്ടാന തകര്‍ക്കുന്ന നാലാമത്തെ ഓട്ടോ റിക്ഷായാണിത്.
നാലു മാസങ്ങള്‍ക്കു മുമ്പ് ഇതേ എസ്റ്റേറ്റിലെ സെന്തിലിന്റെ ഓട്ടോ റിക്ഷ കാട്ടാന തകര്‍ത്തിരുന്നു. വീടിനു മുന്നില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ തകര്‍ക്കുന്നത് പതിവായതോടെ പെരിയവര എസ്റ്റേറ്റു ജനങ്ങള്‍ ഭീതിയിലാഴ്ന്നിരിക്കുകയാണ്. പെരിയവര എസ്റ്റേറ്റിനു പുറമേ മറ്റു എസ്റ്റേറ്റുകളിലും സമാനമായ രീതിയില്‍ വാഹനങ്ങള്‍ കാട്ടാനകള്‍ തകര്‍ക്കുന്നത് ആവര്‍ത്തിക്കപ്പെടുകയാണ്. കാട്ടാനകള്‍ നാട്ടിലിറങ്ങി വാഹനങ്ങള്‍ തകര്‍ക്കുന്ന പതിവാകുമ്പോഴും ബന്ധപ്പെട്ട വകുപ്പുകളും ഉദ്യോഗസ്ഥരും നടപടികളില്‍ സ്വീകരിക്കുന്നില്ലെന്ന ആരേപണവും ഉയരുന്നു.
വാഹനങ്ങള്‍ തകര്‍ത്തിട്ട് വര്‍ഷങ്ങളായെങ്കിലും ഇനിയും സര്‍ക്കാരില്‍ നിന്നും പരിഹാരം ലഭിച്ചിട്ടില്ലെന്നും വാഹന ഉടമകള്‍ പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മൂന്നാറില്‍ മാത്രം മൂന്നു ഓട്ടോകളും ഒരു കാറുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. തങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ ഓട്ടോറിക്ഷാ തകര്‍ക്കുന്നതിനെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തങ്ങളുടെ വരുമാന മാര്‍ഗ്ഗം നിലച്ചുപോകുമെന്ന ആശങ്കയിലാണ് ഓട്ടോ തൊഴിലാളികള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam