
ഇടുക്കി: ആനത്താവളത്തിലേക്ക് മാറ്റാനുള്ള ഉത്തരവുമായി വനം വകുപ്പ് നിരീക്ഷണം തുടങ്ങി ഏകദേശം ഒരുവര്‍ഷമാകുമ്പോഴും ആളെകൊല്ലും അരിക്കൊമ്പന്‍ ഭീതി വിതയ്ക്കുന്നു. 2010ന് ശേഷം ഇതുവരെ മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 29 പേരാണ്.
ജനവാസമേഖലയില്‍ അക്രമം നടത്തുന്ന അരിക്കൊമ്പനെ മയക്കുവെടിവെച്ച് ആനത്താവളത്തിലേക്ക് മാറ്റാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഉത്തരവിട്ടത്. വനംമന്ത്രി കെ. രാജുവിന്റെ അധ്യഷതയില്‍ 2018 സെപ്റ്റംബര്‍ 28ന് കളക്ട്രേറ്റില്‍ കൂടിയ യോഗത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.
എന്നാല്‍, നാളിതുവരെ നിരീക്ഷിക്കുന്നതല്ലാതെ ഒരുവിധ നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. 2010 ആയതോടെയാണ് ചക്കകൊമ്പനെന്നും അരികൊമ്പനെന്നും വിളിപ്പേരുകളില്‍ അറിയപ്പെടുന്ന ആക്രമണകാരിയായ കാട്ടാനകള്‍ ജനവാസമേഖലയില്‍ എത്തിതുടങ്ങിയത്.
കഴിഞ്ഞ വര്‍ഷം നാല് പേരെയാണ് ചിന്നക്കനാല്‍ മേഖലയില്‍ കൊലപ്പെടുത്തിയത്. 2018 മെയ് 24ന് മൂലത്തറയിലെ ഏലം എസ്റ്റേറ്റ് വാച്ചര്‍ വേലു (55), ജൂലൈ നാലിന് മുത്തമ്മകോളനിയില്‍ തങ്കച്ചന്‍ (55), ജൂലൈ 11ന് രാജാപ്പാറയിലെ എസ്റ്റേറ്റ് സൂപ്പര്‍വെെസര്‍ കുമാര്‍ (46), സെപ്റ്റംബര്‍ 20ന് മൂലത്തറയില്‍ തൊഴിലാളിയായ മുത്തയ്യ (65) എന്നിവരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.
ഇന്നലെ അവസാനമായി ബധിരനും മൂകനുമായ ആദിവാസി യുവാവ് ക്യഷ്ണന്‍ (45) തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ആനകളുടെ ചവിട്ടും അടിയുമേറ്റ് കൊല്ലപ്പെട്ടു. കാട്ടാനകളുടെ ആക്രമണം ശക്തമാകുമ്പോഴും വനപാലകര്‍ നിസംഗത തുടരുകയാണ്. ഇത് സംബന്ധിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടാകാതെ വന്നതോടെ പലരും മേഖലയില്‍ നിന്ന് കുടിയൊഴിഞ്ഞുപോകേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam