വീണ്ടും നാട്ടിലേക്കിറങ്ങി കാട്ടാനക്കൂട്ടം; പുല്‍പ്പള്ളിയിൽ വീടിന്‍റെ മതിൽ തകര്‍ത്തു, കൃഷി നശിപ്പിച്ചു

Published : May 09, 2023, 10:40 PM IST
വീണ്ടും നാട്ടിലേക്കിറങ്ങി കാട്ടാനക്കൂട്ടം; പുല്‍പ്പള്ളിയിൽ വീടിന്‍റെ മതിൽ തകര്‍ത്തു, കൃഷി നശിപ്പിച്ചു

Synopsis

ചക്കയും മാമ്പഴവും മറ്റു തീറ്റയും തേടി ജനവാസപ്രദേശങ്ങളിലേക്കെത്തിയ ആനകള്‍ ഷിനോജിന്റെ വീടിന് പരിസരത്ത്  നിലയുറപ്പിക്കുകയും മതില്‍ തകര്‍ക്കുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു

പുല്‍പ്പള്ളി: ഒരിടവേളക്ക് ശേഷം പുല്‍പ്പള്ളി പാളക്കൊല്ലിയില്‍ വീണ്ടും കാട്ടാന ശല്ല്യമേറുന്നു. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം വീടിന്റെ മതില്‍ തകര്‍ത്തതാണ് പുതിയ സംഭവം. കടുപ്പില്‍ ഷിനോജിന്റെ വീടിന്റെ മതിലാണ് ആനകള്‍ തകര്‍ത്തത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആനക്കൂട്ടം ജനവാസമേഖലയിലിറങ്ങിയത്.

ചക്കയും മാമ്പഴവും മറ്റു തീറ്റയും തേടി ജനവാസപ്രദേശങ്ങളിലേക്കെത്തിയ ആനകള്‍ ഷിനോജിന്റെ വീടിന് പരിസരത്ത്  നിലയുറപ്പിക്കുകയും മതില്‍ തകര്‍ക്കുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ചെതലയം ഫോറസ്റ്റ് റേഞ്ചിലുള്‍പ്പെട്ട ചേകാടി വനത്തില്‍ നിന്നാണ് പാളക്കൊല്ലിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും സ്ഥിരമായി ആനകളെത്തുന്നത്. കാട്ടാനക്കൂട്ടം പ്രദേശത്തെ കര്‍ഷകരുടെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ വിളകള്‍ ഇതിനകം തന്നെ നശിപ്പിച്ചിട്ടുണ്ട്. 

ചേകാടി വനത്തോട് ചേര്‍ന്ന് വന്യമൃഗങ്ങളെത്താതിരിക്കാന്‍ വേലിയും ഗേറ്റ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഗേറ്റ് തകര്‍ന്ന് കിടക്കുന്നതാണ് ആനകള്‍ക്ക് പുറത്തുകടക്കാന്‍ സൗകര്യമായിരിക്കുന്നത്. വനാതിര്‍ത്തിയിലെ തകര്‍ന്ന ഗേറ്റ് നേരെയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read More : ബസ്റ്റോപ്പില്‍ പണവും എടിഎമ്മും അടങ്ങിയ പേഴസ്; ഉടമസ്ഥനെ അന്വേഷിച്ച് കണ്ടെത്തി തിരികെ നൽകി ഓട്ടോ ഡ്രൈവർ

അതേസമയം ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ മേഘ മലയിൽ തന്നെയെന്ന് വനം വകുപ്പ്. തമിഴ്നാട് വനമേഖലയിലാണ് നിലവിൽ അരിക്കൊമ്പൻ ഉള്ളത്. കേരള അതിർത്തിയിൽ നിന്നും എട്ട് കിലോ മീറ്ററോളം അകലെയാണ് കൊമ്പനുള്ളത്. അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായിട്ടാണ് സൂചന. അതേസമയം, അരിക്കൊമ്പൻ ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതായി വിവരം ഇല്ല.

ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ