വൈദ്യുത വേലി കവച്ച് കടന്ന് കാട്ടാന ദേശീയപാതയില്‍; ഭീതിയില്‍ ജനം

By Web TeamFirst Published Jan 23, 2021, 1:30 PM IST
Highlights

വാഴയും കവുങ്ങും ഏലവുമടക്കമുള്ള വിളകളാണ് നശിപ്പിച്ചിട്ടുള്ളത്.  മൂലങ്കാവ് ടൗണിന് താഴെയായി വനപ്രദേശമുള്ള ഭാഗത്ത് ആനയിറങ്ങുന്നത് ഇത് ആദ്യമാണ്. 

കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ശല്യം സജീവമായ സുല്‍ത്താന്‍ ബത്തേരിയിലെ മൂലങ്കാവില്‍ ദേശീയപാതയില്‍ കാട്ടാനയിറങ്ങി. പന്നിയും മാനും നിരന്തര കാഴ്ചയാണെങ്കിലും ദേശീയപാതയിലേക്ക് കാട്ടാനയെത്തുന്നത് അത്ര സാധാരണമല്ല. വൈദ്യുത വേലികള്‍ ഉള്ള പ്രദേശത്താണ് കാട്ടാന റോഡിലിറങ്ങിയത്. കഴിഞ്ഞ ദിവസം ഈ മേഖലയിലെ വൈദ്യുത കമ്പിവേലി തകര്‍ന്നുകിടക്കുന്നത് കണ്ട് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊമ്പനാനയെ കണ്ട് ഭയന്നത്. കമ്പി വേലിയുള്ളതിനാല്‍ ഈ മേഖലയിലൂടെയുള്ള രാത്രി സഞ്ചാരത്തില്‍ അപകടമില്ലെന്ന നാട്ടുകാരുടെ ധാരണയാണ് ഇതോടെ പൊളിഞ്ഞത്. 

രണ്ട് മണിയോടെയാണ് കാട്ടാന ദേശീയ പാതയിലെത്തിയത്. സമീപത്തെ കൃഷിയിടങ്ങളിലെ വിളകളും ആന നശിപ്പിച്ചു. പുലര്‍ച്ചെയായതോടെ കാട്ടാന കാട് കയറുകയും ചെയ്തു. വാഴയും കവുങ്ങും ഏലവുമടക്കമുള്ള വിളകളാണ് നശിപ്പിച്ചിട്ടുള്ളത്.  മൂലങ്കാവ് ടൗണിന് താഴെയായി വനപ്രദേശമുള്ള ഭാഗത്ത് ആനയിറങ്ങുന്നത് ഇത് ആദ്യമാണ്. വൈദ്യുതി കമ്പിവേലി കവച്ച് വെച്ചാണ് കൊമ്പന്‍ റോഡിലേത്തിയിരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഈ ഭാഗത്ത് കിടങ്ങുണ്ടെങ്കിലും പലയിടത്തും മണ്ണിടിഞ്ഞ് ആനക്ക് കടന്നുവരാന്‍ പാകത്തിലായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി 11 മണിവരെ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പാണ് മൂലങ്കാവിലേത്. പമ്പിന് മുമ്പിലെത്തിയ ആന അഞ്ച് മിനിറ്റോളം ഇവിടെ നിലയുറപ്പിച്ചിരുന്നു. ഈ സമയം റോഡിലൂടെ വാഹനങ്ങളൊന്നും വരാത്തതിനാല്‍ മറ്റ് അപകടമൊന്നുമുണ്ടായില്ല.

മൂലങ്കാവിനടുത്തുള്ള ഓടപ്പള്ളത്ത് ആനശല്യം രൂക്ഷമാണ്. പകലും പോലും പന്നികള്‍ ഇറങ്ങുന്ന ഇവിടുത്തെ തോട്ടങ്ങളില്‍ രാത്രിയായാല്‍ ആനകളുടെ വിളയാട്ടമാണ്. ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഒരുക്കി പ്രദേശത്തെ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
 

click me!