കോട്ടയം: അഞ്ചിലധികം കുട്ടികൾ ഉള്ളവർക്ക് ധനസഹായം നൽകാനുളള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള തീരുമാനമാണിത്. വിശദമായി കാര്യങ്ങൾ വാർത്താ കുറിപ്പിലൂടെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ സിറോ മലബാർ സഭയ്ക്ക് കീഴിലുള്ള പാലാ രൂപതയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ആശയക്കുഴപ്പമുണ്ടെന്നും, വീണ്ടും വിശദീകരണം നൽകാമെന്നുമാണ് സഭാ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഒരു ആശയക്കുഴപ്പവുമില്ലെന്നും, തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നെന്നും മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിന് ധനസഹായവും സ്കോളര്‍ഷിപ്പും നല്‍കുമെന്ന് സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള പാലാ രൂപതയുടെ മെത്രാൻ, ഇടവകക്കാര്‍ക്കായി സംഘടിപ്പിച്ച ഒരു ഓണ്‍ലൈൻ യോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഇതേത്തുടർന്ന്, പാലാ രൂപതയ്ക്ക് നേരെ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് സഭാ വക്താവിനോട് എന്താണ് സംഭവിച്ചതെന്നാരാഞ്ഞത്. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതാണെന്നും മെത്രാൻ തന്നെ ഇന്ന് ഇക്കാര്യത്തെ സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കുമെന്നും സഭാ വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നാൽ ആ നിലപാടിൽത്തന്നെ മെത്രാൻ ഉറച്ച് നിൽക്കുകയാണ്. അഞ്ച് കുട്ടികളുണ്ടെങ്കില്‍ വമ്പൻ ഓഫറാണ് പാലാ രൂപത വാഗ്ദാനം ചെയ്യുന്നത്. 2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കും. 'പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021'ന്‍റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.
പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കി പോസ്റ്റര്‍ ഇറങ്ങിയത്. 'അല്‍പ സ്വല്‍പം വകതിരിവ്' എന്ന ക്യാപ്ഷനോടെ പാലാരൂപതയുടെ തീരുമാനത്തിന്‍റെ പോസ്റ്റര്‍ പങ്ക് വെച്ചുകൊണ്ടാണ് സംവിധായകൻ ജിയോ ബേബിയുടെ വിമര്‍ശനം. സമുദായത്തിന്‍റെ അംഗബലം കൂട്ടാൻ പരസ്യനോട്ടീസെന്ന് ചിലരുടെ വിമര്‍ശനം. ഇതോടെ സഭ വെട്ടിലായി. ഫേസ്ബുക്ക് പോസ്റ്റര്‍ അപ്രത്യക്ഷമായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam