
കല്‍പ്പറ്റ: റോഡിനോട് ചേർന്നുള്ള വലിയ മൂന്ന് മുളങ്കാടുകള്‍ ഉണങ്ങി ദ്രവിച്ച് നിൽക്കുന്നതിനാൽ അപകടഭീതിയിലാണ് ദേശീയപാത 766-ല്‍ ബത്തേരി - മുത്തങ്ങ റൂട്ടില്‍ യാത്ര ചെയ്യുന്നവർ. ഏത് സമയവും വാഹനങ്ങളുടെയും ഇരുചക്രവാഹനയാത്രികരുടെയും മുകളിലേക്ക് പതിച്ചേക്കുമെന്ന അവസ്ഥയില്‍ നില്‍ക്കുകയാണ് മുളകൾ.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ സുല്‍ത്താന്‍ബത്തേരിക്കും മുത്തങ്ങക്കും ഇടയിലായി നായ്‌ക്കെട്ടി ഇല്ലിച്ചോട്ടിലാണ് ഉണങ്ങിയ മുളങ്കാടുകള്‍ അപകടഭീഷണിയായിരിക്കുന്നത്. തുടര്‍ച്ചയായി വേനല്‍മഴ പെയ്ത് മുളകളില്‍ വെള്ളം നിറഞ്ഞ് റോഡിലേക്ക് തൂങ്ങി നില്‍ക്കുന്നതിനാല്‍ ഏത് സമയവും അപകടം സംഭവിക്കാമെന്നാണ് യാത്രക്കാര്‍ പറയുന്നത്. തീര്‍ത്തും അപകടവസ്ഥയില്‍ നിന്ന് മുളകള്‍ പേരിന് മാത്രം കഴിഞ്ഞ ദിവസം നീക്കിയിരുന്നെങ്കിലും ഇപ്പോഴും അപകടഭീകി നിലനില്‍ക്കുകയാണ്.
മുത്തങ്ങ വനത്തിലൂടെ കടന്നുപോകുന്ന ദേശീയപാത 766-ല്‍ നിരവധിയിടങ്ങളില്‍ ഇത്തവണ മുളങ്കാടുകള്‍ ഉണങ്ങിയിട്ടുണ്ട്. ഇവയിലെ വലിയ മുളകളില്‍ ചിലത് താഴെഭാഗം പൊട്ടി ഏത് സമയവും റോഡിലേക്ക് പതിക്കുമെന്ന അവസ്ഥയിലാണ്. മധ്യവേനലവധിയായതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നുമായി നിരവധി സഞ്ചാരികളാണ് ദേശീയപാത 766 വഴി കടന്നുപോകുന്നത്. രാവിലെ മുതല്‍ രാത്രി പത്തരവരെ ഈ റൂട്ടില്‍ കാറുകളുടെയും ബൈക്കുകളുടെയും തിരക്കാണ്. മുളങ്കാടുകള്‍ ഏത് സമയവും പൊട്ടി വാഹനയാത്രികരുടെ മേല്‍പതിക്കുമോ എന്ന ഭീതിയിലാണ് ഇതുവഴിയുള്ള യാത്രയെന്ന് സഞ്ചാരികള്‍ പറയുന്നു. ഇരുചക്രവാഹന യാത്രികര്‍ മുള ദേഹത്ത് പതിക്കുമോ എന്ന ആശങ്കയോടെ വാഹനമോടിക്കേണ്ടി വരുന്നുണ്ട്. അതേ സമയം അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെങ്കില്‍ വനപ്രദേശങ്ങളിലെ മരച്ചില്ലുകളും മറ്റും വെട്ടിമാറ്റാമെങ്കിലും നടപടികള്‍ നീണ്ടു പോകുകയാണ്. മുളങ്കാടുകളില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മുളകളെങ്കിലും വെട്ടിമാറ്റണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം.
Read Also: ഡോ വന്ദനയുടെ കൊലപാതകം: വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam