
എടത്വ :ചങ്ങങ്കരി വൈപ്പിശേരി പാടത്തിനു സമീപം കാക്കകള്‍ കൂട്ടത്തോടെ ചത്തു വീണു (Crows died). 10 മീറ്റര്‍ ചുറ്റളവിനുള്ളിലാണ് ആറോളം കാക്കകള്‍ ചത്തുവീണത്. റോഡിന്റെ സമീപത്തെ മരങ്ങളില്‍ കാക്കകള്‍ കൂടു കൂട്ടി പാര്‍ക്കുന്നുണ്ട്. ഇതിനു മുന്‍പ് പാടത്ത് രണ്ടു കൊക്കകളും ചത്തു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം മൃഗസംരക്ഷണ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച മുമ്പാണ് പക്ഷിപ്പനി (Bird Flu) കാരണം കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തത്.
അതിന് പിന്നാലെയാണ് കാക്കകള്‍ കൂട്ടത്തോടെ ചത്തത്. ഇതിനിടയില്‍ കുട്ടനാട്ടില്‍ താറാവുകള്‍ ചത്ത അമ്പലപ്പുഴ വടക്ക് വെട്ടിക്കരി , പൂന്തുരം, കാക്കാഴം തുടങ്ങിയ പാടശേഖരങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തമിഴ്‌നാട്ടില്‍ നിന്ന് വീണ്ടും താറാവുകളെ എത്തിച്ചതിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പോ അതത് പഞ്ചായത്ത് അധികൃതരോ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നു.