കാട്ടാനക്കൂട്ടം മൂന്ന് മണിക്കൂറോളം വീടിന് മുന്നില്‍, കുട്ടിയാന വീടിനുള്ളില്‍, ഭയന്ന് വിറച്ച് വീട്ടമ്മയും മകനും

Published : Mar 17, 2020, 10:47 AM IST
കാട്ടാനക്കൂട്ടം മൂന്ന് മണിക്കൂറോളം വീടിന് മുന്നില്‍, കുട്ടിയാന വീടിനുള്ളില്‍, ഭയന്ന് വിറച്ച് വീട്ടമ്മയും മകനും

Synopsis

കുട്ടിയാന മുന്‍വശത്തെ മുറിയിലുണ്ടായിരുന്ന ടിവിയും മറ്റ് ഉപകരണങ്ങളും തകര്‍ത്തു. പുറത്തുനിന്ന കാട്ടാനകള്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ തകര്‍ത്തു...  

മൂന്നാര്‍: കാട്ടാനക്കൂട്ടത്തോടൊപ്പമെത്തിയ കുട്ടിയാന കുറുമ്പുകാട്ടി വാതില്‍ പൊളിച്ച് അകത്തുകയറിയതോടെ വീട്ടമ്മയും മകനും ശ്വാസമടക്കിപ്പിടിച്ച് കഴിഞ്ഞത് മണിക്കൂറുകള്‍. പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ ഫാക്ടറി ഓഫീസറായ ആകാശും അമ്മ ഷൈനിയുമാണ് മണിക്കൂറുകളോളം വീടിനുള്ളില്‍ ഭീതിയോടെ കഴിഞ്ഞുകൂടിയത്. 

തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ രണ്ടു മണിയോടെ വീടിനു മുറ്റത്തെത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാനയാണ് വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കയറിയത്. മുന്‍വശത്തെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ആകാശ് ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നതും വീടിനുള്ളില്‍ നില്‍ക്കുന്ന കുട്ടിയാനയെയാണ് കണ്ടത്. ഭയന്ന് അമ്മയുടെ കിടപ്പുമുറിയില്‍ കയറി ഇരുവരും വാതിലടച്ച് ശ്വാസമടക്കിപ്പിടിച്ച് മുറിയിലിരുന്നു. 

ഇതോടെ കുട്ടിയാന മുന്‍വശത്തെ മുറിയിലുണ്ടായിരുന്ന ടിവിയും മറ്റ് ഉപകരണങ്ങളും തകര്‍ത്തു. കുട്ടിയാന മുറിയില്‍ അതിക്രമം നടത്തുന്നതിനിടയില്‍ അകത്തെ മുറിയില്‍ കയറാതിരിക്കാന്‍ അമ്മയും മകനും വാതിലിനു മുമ്പില്‍ വാഷിങ് മെഷിനടക്കം കൈയ്യില്‍ കണ്ട വസ്തുക്കള്‍ നിരത്തിയിട്ടു. കുട്ടിയാനയോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു കാട്ടാനകളും വീടിന്റെ മുറ്റത്ത് നിലയുറപ്പിച്ചിരുന്നു. 

പുറത്തുനിന്ന കാട്ടാനകള്‍ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ തകര്‍ത്തു. മൂന്ന് മണിക്കൂറോളം അവിടെ തന്നെ നിന്ന കാട്ടാനകള്‍ രാവിലെ അഞ്ചുമണിയോടെയാണ് മടങ്ങിയത്. ഇതോടെയാണ് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന അകാശിനും അമ്മയ്ക്കും പുറത്തിറങ്ങാനായത്. കാട്ടാന വീട് തകര്‍ത്ത്് അകത്തുകയറിയതോടെ പെരിയവര എസ്റ്റേറ്റിലെ ജനങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞയാഴ്ച ഇതേ ഡിവിഷനില്‍ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, ഓട്ടോ, ബൈക്ക് തുടങ്ങിയവ കാട്ടാന തകര്‍ത്തിരുന്നു.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി