
പള്ളിക്കൽ: ഭർത്താവിനും മരുമക്കൾക്കും അപകടം വരുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന സ്ത്രീയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ ആനയടി സ്വദേശിനിയായ തുളസി (57) ആണ് തട്ടിപ്പ് കേസിൽ കുടുങ്ങിയത്. ഏനാത്ത് കടമ്പനാട് വടക്ക് സ്വദേശിനി ലീലാമ്മയെ (74) കബളിപ്പിച്ചാണ് തുളസി പണവും ആഭരണങ്ങളും കൈക്കലാക്കിയത്.
ഓഗസ്റ്റ് 10-ന് രാവിലെ 9.30-ഓടെ ലീലാമ്മയുടെ വീട്ടിലെത്തിയ പ്രതി, വീട്ടിലെ പഴയ കാര്യങ്ങൾ പറഞ്ഞ് അവരെ വിശ്വസിപ്പിച്ചു. താൻ വേളാങ്കണ്ണി മാതാവിൻ്റെ പ്രതിരൂപമാണെന്ന് പറഞ്ഞ ഇവർ, ലീലാമ്മയുടെ ഭർത്താവിനും മരുമക്കൾക്കും ആപത്ത് സംഭവിക്കുമെന്നും അത് ഒഴിവാക്കാൻ വഴിപാടുകൾ നടത്തണമെന്നും പറഞ്ഞ് ഭയപ്പെടുത്തി.
ആപത്ത് ഒഴിവാക്കാൻ 51 പേർക്ക് ഊണ് നൽകണമെന്ന് പറഞ്ഞു. പൈസ ഇല്ലെന്ന് ലീലാമ്മ അറിയിച്ചപ്പോൾ, കൊന്ത ഉയർത്തി പ്രാർത്ഥിച്ചുകൊണ്ട് സ്ത്രീ, വീടിന്റെ സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറി സെറ്റിയിലിരുന്നു. പണം തൊട്ടപ്പുറത്തെ മുറിയിലെ അലമാരയിൽ ഉണ്ടെന്ന് പറഞ്ഞു ഇരുവരെയും അത്ഭുതപ്പെടുത്തി. 'ദീർഘദൃഷ്ടി' യിൽ വീണുപോയ വീട്ടമ്മ തുടർന്ന് 5000 രൂപ അവിടെ നിന്നും എടുത്തുകൊണ്ടു കൊടുത്തു.
ഈ തുകകൊണ്ട് ആപത്ത് മാറില്ല എന്ന് പറഞ്ഞ് കൊന്തമാല ഉയർത്തി സ്വയം നെഞ്ചത്തടിക്കാനും വയോധികയെ നോക്കി പ്രാർത്ഥിക്കാനും തുടങ്ങി. തുടർന്ന്, സ്വർണാഭരണം ആവശ്യപ്പെടുകയായിരുന്നു. ഭയന്നുപോയ ഇവർ കയ്യിലെ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ വളയും, അരപ്പവൻ വീതം തൂക്കം വരുന്ന മൂന്ന് സ്വർണം മോതിരങ്ങളും, രണ്ടു ഗ്രാം സ്വർണ്ണ കോയിനും ഉൾപ്പെടെ മൂന്ന് പവൻ സ്വർണാഭരണങ്ങൾ പ്രതിക്ക് കൈമാറുകയായിരുന്നു. പ്രാർത്ഥിച്ച ശേഷം തിങ്കളാഴ്ച തിരികെ നൽകാമെന്ന് പറഞ്ഞ് സ്ഥലംവിടുകയും ചെയ്തു. വരുമ്പോൾ തനിക്ക് ഭക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു.
സംഭവം നടന്ന വൈകുന്നേരം തന്നെ ലീലാമ്മ ഏനാത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊഴി രേഖപ്പെടുത്തി കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ മണിക്കൂറുകൾക്കകം വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഏകദേശം 2,15,000 രൂപയുടെ നഷ്ടമാണ് ലീലാമ്മയ്ക്ക് ഉണ്ടായത്.
തുളസിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണം പൊലീസ് കണ്ടെത്തുകയും ബാങ്ക് അപ്രൈസറെ കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ എ. അനൂപിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.