
ചെങ്ങന്നൂർ: ഓണാഘോഷ സ്ഥലത്ത് ബൈക്ക് റേസിങ് നടത്തിയത് ചോദ്യംചെയ്ത യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തു. മുളക്കുഴ കാരയ്ക്കാട് വൈശാഖ് ഭവനത്തിൽ അർജുനൻ(29), കൊച്ചേത്ത് മേലേതിൽ എസ് സുനീഷ്(28), ആർ കെ നിലയത്തിൽ വിഷ്ണു(അഖിൽ-31)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പരുക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ഒൻപതിനായിരുന്നു സംഭവം. യുവതിയുടെ വീടിന് സമീപം ഓണാഘോഷ പരിപാടി നടക്കുന്നിടത്ത് യുവാക്കളെത്തി ബൈക്ക് റേസിങ് നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിൽക്കുന്നിടത്ത് ബൈക്ക് റേസിങ് നടത്തിയതിനെ യുവതി ചോദ്യം ചെയ്തു.
ഇതോടെ യുവാക്കൾ ക്ഷുഭിതരായി. ഭയന്ന യുവതി വീട്ടിൽ കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം ഇവരെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഒളിവിൽ പോയ ഇവരെ കാരയ്ക്കാടിന് സമീപത്തുനിന്നുമാണ് പോലീസ് പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
അതേസമയം, ചാരുംമൂട് തർക്കം നിലനിൽക്കുന്ന വഴി സ്ഥലത്തു കൂടി വാഹനം കൊണ്ടുപോകുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷം ഒരാളുടെ മരണത്തിൽ കലാശിച്ചു. സംഭവത്തിനിടെയുണ്ടായ കല്ലേറിലും മർദ്ദനത്തിലും പരിക്കേറ്റാണ് ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ചത്. ചാരുംമൂട് സ്റ്റാന്റിലെ ഓട്ടോ റിക്ഷാ ഡ്രൈവർ ചുനക്കര തെക്ക് പാണംപറമ്പിൽ ദിലീപ്ഖാൻ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്റ്റഡിയിലാണ്.
കഴിഞ്ഞദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ദലീപിന്റെ അടുത്ത വീട്ടിൽ നിന്നും പന്തളത്തുള്ള ബന്ധു വീട്ടിലേക്ക് ഫർണീച്ചർ കൊണ്ടുപോകാൻ ടെമ്പോ വാനിൽ ബന്ധുക്കൾ എത്തിയിരുന്നു. വഴി സ്ഥലത്ത് വാഹനം തിരിക്കുന്നതിനെ ചൊല്ലി വാഹനത്തിൽ വന്നവരും ദിലീപ് ഖാനുമായി തർക്കമുണ്ടായി. തുടർന്ന് കല്ലേറും കല്ലുകൊണ്ടുള്ള അക്രമവും നടന്നതായാണ് വിവരം. നെഞ്ചിന് പരിക്കു പറ്റിയ ദിലീപിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ദിലീപിന്റെ നെഞ്ചിന് കല്ലു കൊണ്ടുള്ള മർദ്ദനം ഏറ്റതായാണ് പോലീസിന് ലഭിച്ച വിവരം. സംഭവത്തിൽ സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെ നൂറനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam