
കാസർഗോഡ്: ബസിൽ വച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അങ്ങനെ വെറുതെ വിടാൻ തീരുമാനിച്ചില്ല കരിവെള്ളൂർ സ്വദേശി പി ടി ആരതി. ബസിൽ നിന്ന് ഇറങ്ങിയോടിയ അയാളെ അവൾ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സ്വകാര്യ ബസ് പണിമുടക്ക് ദിവസങ്ങളിലൊന്നിലാണ് സംഭവം നടന്നത്. സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ കെഎസ്ആർടിസി ബസിലായിരുന്നു ആരതിയുടെ യാത്ര. ബസിൽ നല്ല തിരക്കായിരുന്നു. കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാട്ടെക്ക് പോകുന്നതിനിടെയാണ് ആരതിക്ക് ഈ ദുരനുഭവം ഉണ്ടാകുന്നത്. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ ആരംഭിച്ചു. പലതവണ മാറി നിൽക്കാൻ പറഞ്ഞെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ബസിലുള്ളവർ ആരും പ്രതികരിക്കാതിരിക്കുകയും അയാൾ ഉപദ്രവം തുടരുകയും ചെയ്തതോടെ ആരതി പിങ്ക് പൊലീസിനെ വിളിക്കാൻ ഫോണെടുത്തു.
ഇതോടെ അടുത്ത സ്റ്റോപ്പായ കാഞ്ഞങ്ങാട്ട് വണ്ടി നിർത്തിയതും അയാൾ ഉടനെ ഇറങ്ങിയോടി. അയാളെ അങ്ങനെ വെറുതെ വിടില്ലെന്ന് തീരുമാനിച്ച ആരതി പിന്നാലെയോടി. 100 മീറ്റർ ഓടിയതോടെ അയാൾ ഒരു ലോട്ടറി കടയ്ക്ക് മുന്നിൽ ലോട്ടറി വാങ്ങാനെവന്ന വ്യാജേന നിൽപ്പുറപ്പിച്ചിരുന്നു. ഇത് മനസ്സിലാക്കിയ ആരതി തൊട്ടടുത്തുള്ളവരോട് കാര്യം പറയുകയും ആളുകൾ ഇയാളെ പിടിച്ച് വയ്ക്കുയും ചെയ്തു. ഉടനെ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.
മാണിയാട്ട് സ്വദേശിയായ 52 കാരൻ രാജീവനാണ് പൊലീസ് പിടിയിലായത്. പൊലീസ് ചോദ്യം ചെയ്യലിലാണ് അയാളെ കുറിച്ച് വിവരം ലഭിച്ചത്. ബസ്സിൽ വച്ചുതന്നെ ആരതി രാജീവന്റെ ഫോട്ടോയെടുത്തിരുന്നു. ആൾ രക്ഷപ്പെട്ടാലും പരാതി നൽകുമ്പോൾ ഉപയോഗിക്കാനായിരുന്നു ഫോട്ടോ എടുത്തത്. അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം കൂടുതൽ പേരറിഞ്ഞത്.
കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷമാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. കോളേജിലെ എന്‍സിസി സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു ആരതി. നേരത്തെയും സമാനമായ അനുഭവം ഉണ്ടായിരുന്നുവെന്നും പൊലീസിൽ പരാതിപ്പെടാനായി ബസ്സിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും ആൾ ഓടി രക്ഷപ്പെട്ടുവെന്നും ആരതി പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam