Asianet News MalayalamAsianet News Malayalam

ലിഫ്റ്റിനരികിലെ ദ്വാരം വഴി ജ്വല്ലറിയിൽ കയറി വൻ മോഷണം; പ്രദേശം അടച്ചിട്ട് റെയ്ഡ്, 2 മണിക്കൂറിൽ പ്രതികളെ പൊക്കി

കവർച്ചാസംഘം അധികദൂരം സഞ്ചരിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ പൊലീസ് പ്രദേശത്തെ റോഡുകൾ മുഴുവൻ ബ്ലോക്ക് ചെയ്ത് എല്ലാ കെട്ടിടങ്ങളിലും റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്

3 arrested in chennai jewellery showroom robbery case in hours
Author
First Published Nov 28, 2022, 5:34 PM IST

ചെന്നൈ: ചെന്നൈയിൽ ജ്വല്ലറി കുത്തിത്തുറന്ന് ഒരു കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന മൂന്നുപേരെ വമ്പൻ അന്വേഷണത്തിലൂടെ രണ്ട് മണിക്കൂറിനകം പൊലീസ് പടികൂടി. ചെന്നൈ താമ്പരത്തെ ബ്ലു സ്റ്റോൺ ജ്വല്ലറിയിലാണ് കവർച്ച നടന്നത്. കവർച്ചാസംഘം അധികദൂരം സഞ്ചരിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ പൊലീസ് പ്രദേശത്തെ റോഡുകൾ മുഴുവൻ ബ്ലോക്ക് ചെയ്ത് എല്ലാ കെട്ടിടങ്ങളിലും റെയ്ഡ് നടത്തിയാണ് പ്രതികളെ പിടികൂടിയത്.

സംഭവം ഇങ്ങനെ

അഞ്ച് മാസം മുമ്പാണ് താംബരത്ത് ബ്ലു സ്റ്റോൺ എന്ന ജ്വല്ലറി പ്രവർത്തനം തുടങ്ങിയത്. നടത്തിപ്പുകാരുടേയും ജോലിക്കാരുടേയും പരിചയക്കുറവ് മുതലെടുത്തായിരുന്നു ഇന്ന് കൊള്ളസംഘത്തിന്‍റെ ഞെട്ടിക്കുന്ന കവർച്ചാശ്രമം. ദിവസങ്ങളായി ഇതിനായി ഇവർ ജ്വല്ലറി പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. ഇന്ന് പുലർച്ചെ ജീവനക്കാരെത്തും മുമ്പ് സംഘം ലിഫ്റ്റിന്‍റെ സമീപത്തെ ദ്വാരം വഴി ഉള്ളിൽ കയറി. പക്ഷേ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന സുരക്ഷാ ലോക്കർ തകർത്തപ്പോൾ മാനേജരുടെ ഫോണിൽ മുന്നറിയിപ്പ് അലാറം എത്തി. മാനേജർ ഉടൻ തന്നെ സോളയൂർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ പൊലീസ് എത്തുമ്പോഴേയ്ക്കും കവർച്ചാസംഘം സ്വർണവുമായി രക്ഷപ്പെട്ടിരുന്നു.

സി സി ടി വിയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങളിൽ നിന്നാണ് കവർച്ചയ്ക്ക് അതിവേഗം തുമ്പുണ്ടായത്. മുഖം മറച്ച യുവാവിനെ തൊട്ടടുത്തുള്ള ചായക്കടക്കാരൻ തിരിച്ചറിഞ്ഞു. ഇതേ വസ്ത്രം ധരിച്ച് ഒരാൾ ചായ കുടിക്കാൻ എത്തിയിരുന്നുവെന്ന് ചായക്കടക്കാരൻ മൊഴി നൽകി. മോഷ്ടാക്കൾക്ക് അധികദൂരം സഞ്ചരിക്കാനായിട്ടില്ല എന്ന് മനസ്സിലാക്കിയ പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. തെരുവിലെ എല്ലാ റോഡുകളും അടച്ച് പ്രദേശത്തെ മുഴുവൻ വീടുകളിലും മുറികളിലും തെരച്ചിൽ നടത്തി. സമീപത്തെ ഒരു വീട്ടിൽ നിന്ന് അസം സ്വദേശികളായ മൂന്ന് ചെറുപ്പക്കാരെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തി. ഇതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണർ അമൽ രാജ് വ്യക്തമാക്കി.

ജ്വല്ലറിക്ക് തൊട്ടടുത്തുള്ള കൂൾബാറിലെ ജീവനക്കാരനാണ് കവർച്ചാസംഘത്തിലെ ഒരാൾ. രാവിലെ ജ്വല്ലറി തുറക്കുംമുമ്പ് സുരക്ഷാ ജീവനക്കാർ കുറവാണെന്ന് മനസ്സിലാക്കി കൂട്ടാളികളെ വിളിച്ചുവരുത്തുകയായിരുന്നു. ലിഫ്റ്റ് സ്ഥാപിച്ച സ്ഥലത്തെ ചെറിയ ദ്വാരത്തിലൂടെയാണ് ഇവർ ഉള്ളിൽ കടന്നത്. തുടർന്ന് പൂട്ട് തകർത്ത് ഒരു കോടി രൂപയുടെ സ്വർണം ലോക്കറിൽ നിന്ന് കവർന്ന് സ്വന്തം മുറിയിലേക്ക് മാറ്റി. രണ്ട് മണിക്കൂറിനകം തമിഴ്നാട് പൊലീസ് തൊണ്ടിയടക്കം മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല. വൻ മോഷണം മിന്നൽ വേഗത്തിൽ കണ്ടെത്തി മോഷണമുതലടക്കം പിടിച്ചെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനപ്രവാഹം തുടരുകയാണ്.

Follow Us:
Download App:
  • android
  • ios