
തൃശൂർ: തൃശൂർ വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷന് മുന്നിലെ എട്ടടി താഴ്ചയുള്ള കാനയിലേക്ക് ഫുട്പാത്തിൽ തട്ടി വീട്ടമ്മ വീണു. നട്ടെല്ലിന് പരിക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീത ചികിത്സയിലാണ്. ഫുട്പാത്തിലെ സ്ലാബുകൾ നിരപ്പില്ലാതെ വച്ചതും കാന മൂടാത്തതുമാണ് അപകടത്തിന് കാരണം.
തൃശൂർ - ഷൊർണൂർ പിഡബ്ല്യുഡി റോഡിന്റെ കാനയിലാണ് അപകടം ഉണ്ടായത്. തിരക്കുള്ള ജംഗ്ഷനിൽ നിരപ്പല്ലാതെയാണ് ഫുട്പാത്തിന്റെ സ്ലാബിട്ടിരിക്കുന്നത്. ഫുട്പാത്ത് വന്ന് ചേരുന്ന എട്ടടി താഴ്ച്ചയുള്ള കാനക്ക് കൈവരിയുമില്ല. ഹൃദ്രോഗിയായ ഭർത്താവിന് മരുന്ന് വാങ്ങാൻ പോയ മുണ്ടത്തിക്കോട് സ്വദേശിയായ ഗീതയാണ് അപകടത്തിൽ പെട്ടത്. നട്ടെല്ലിനും തലക്കും പരിക്കേറ്റ ഗീത കിടപ്പിലാണ്.
സിവിൽ സ്റ്റേഷൻ, കോടതി, സ്കൂൾ എന്നിങ്ങനെ നിരവധി ആളുകൾ വന്ന് പോകുന്ന പ്രദേശത്തായിരുന്നു പിഡബ്ല്യുഡിയുടെ അശാസ്ത്രീയ നിർമ്മാണം. നിരവധി തവണ പരാതി പറഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഒന്നും ചെയ്തില്ല. പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് കോൺഗ്രസ് തീരുമാനം.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറി 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam