
പാലക്കാട്: വടക്കഞ്ചേരി പുഴക്കലിടത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു. രണ്ടര പവൻ സ്വർണ്ണവും, 4500 രൂപയുമാണ് നഷ്ടപ്പെട്ടത്. പുഴക്കലിടം സ്വദേശി ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് മോഷണം. ഉണ്ണികൃഷ്ണന്റെ ഭാര്യ ബീനയ്ക്കാണ് മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി ഏഴ് മണിയോടെ ആണ് കള്ളൻ വീട്ടിൽ കയറിയത്. ഈ സമയം ബീന അടുക്കളയിൽ ആയിരുന്നു. റൂമിലെ ശബ്ദം കേട്ട് ചെന്ന് നോക്കിയപ്പോഴാണ് കള്ളനെ കണ്ടത്. ബീനയെ കണ്ടതോടെ കള്ളൻ കയ്യിലെ കത്തികൊണ്ടു ആക്രമിച്ചു. കൈക്കും കാലിനും ചുമലിനും പരിക്കുപറ്റി. ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.