
മലപ്പുറം: പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് സീറ്റുകൾ വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയെടുത്ത യുവാവിനെ ബംഗളൂരുവിൽനിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സാഹസികമായി പിടികൂടി. ആലപ്പുഴ വെട്ടിയാർ മാങ്കാംകുഴി സജുമൻസിലിൽ സജു ബിൻ സലിം എന്ന ഷംനാദ് ബിൻ സലിം (36) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്‌റ്റ്.
2017ൽ ആണ് കേസിനാസ്‌പദമായ പരാതി. രാജസ്ഥാനിൽ മെഡിക്കൽ പിജി സീറ്റ് വാഗ്‌ദാനം ചെയ്‌ത് ഡോക്ടറിൽനിന്ന് 70 ലക്ഷത്തോളം രൂപ വാങ്ങി. സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് സമീപിച്ചപ്പോൾ കുറച്ചുപണം തിരികെ നൽകി കേരളത്തിൽ നിന്ന് മുങ്ങി. മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാനാകാത്തതിനാൽ കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് കേരളത്തിലെ പല ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയതായി മനസ്സിലായത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ് എന്ന് കണ്ടെത്തിയ ക്രൈം ബ്രാഞ്ച് അവിടെ ക്യാമ്പ് ചെയ്‌ത് അന്വേഷണത്തിലായിരുന്നു. ഡോക്ടർ എന്ന പേരിൽ ഭാര്യയ്‌ക്കൊപ്പം ഭാരതീയാർ സിറ്റിയിലായിരുന്നു ഇയാളുടെ താമസം.
കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിൽനിന്ന് ഇയാളെ അന്വേഷിച്ച് പൊലീസ് എത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. 2012മുതൽ കോഴിക്കോട് ടൗൺ, പെരുമ്പാവൂർ, വെൺമണി, കൊട്ടാരക്കര, തിരുവല്ല, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, ആലപ്പുഴ ജില്ലയിലെ കുറത്തിക്കാട് എന്നിവിടങ്ങളിലും കർണാടകയിലെ വിജയനഗർ സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ഉന്നത ബന്ധങ്ങളുള്ള ഇയാൾ ഡോക്ടർ എന്ന പേരിലാണ് ആളുകളെ സമീപിച്ച് തട്ടിപ്പ് നടത്തിയിരുന്നത്.
Read more: ക്ലബ്ബിനുള്ളില്‍ ജന്മദിനാഘോഷം: ഉടമയും യുവതിയും മരിച്ച നിലയില്‍, 2 യുവതികള്‍ അബോധാവസ്ഥയില്‍
പൊലീസിനെ നിരീക്ഷിക്കാനും കേസുകളെക്കുറിച്ച് അറിവ് ലഭിക്കാനും ഉന്നതബന്ധം ഇയാൾ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌ഐമാരായ സുഹൈൽ, ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്. ഇയാൾ താമസിക്കുന്ന ഫ്ലാറ്റിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമമുണ്ടായെങ്കിലും അതു വിഫലമാക്കിയായിരുന്നു അറസ്‌റ്റ്. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്‌പി ബിനുകുമാർ, എസ്‌ഐ അഷറഫ്, അരുൺഷാ, സിപിഒ അബ്ദുറഹ്‌മാൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam