
മലപ്പുറം: പ്രായപൂർത്തിയാകാത്ത സഹോദരന് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ 20കാരിക്ക് കോടതി വക ശിക്ഷ. ഇവർക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ലിയാരകത്ത് മുജീബ് റഹ്‌മാന്റെ മകൾ ലിയാന മഖ്ദൂമ (20)ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്. 2022 നവംബർ 10നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി എസ്ഐ ഖമറുസ്സമാനും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെയാണ് വിദ്യാർഥി അശ്രദ്ധമായി സ്‌കൂട്ടറോടിച്ച് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് മറുപടി. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് രക്ഷിതാവുമായി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ ജനനതീയതി 2005 ആഗസ്റ്റ് 11. കേസ് പരിഗണിച്ച മഞ്ചേരി ജെ എഫ് സി എം കോടതി ഡിസംബർ ഏഴിന് ലിയാനക്ക് ജാമ്യം നൽകി. 50,000 ബോണ്ടിന്മേലുള്ള രണ്ടാൾ ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം.
മജിസ്ട്രേറ്റ് എം നീതു കേസ് സി ജെ എം കോടതിയിലേക്ക് വിട്ടു. ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ എം അഷ്റഫാണ് ശിക്ഷ വിധിച്ചത്. ഏതായാലും ഒരു ആഴ്ചത്തെ തടവ് ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ ഇന്നലെ തന്നെ പിഴ സംഖ്യ ഒടുക്കിയെങ്കിലും വൈകിട്ട് അഞ്ചുമണി വരെ കോടതി വരാന്തയിൽ ഇരിക്കേണ്ടിവന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam