
മലപ്പുറം: റിസർവ് ബാങ്ക് ഉദ്യോഗസ്ഥയാണെന്നു വിശ്വസിപ്പിച്ച് യുവതി ആളുകളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പലരിൽ നിന്നായി യുവതി തട്ടിയത് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. നിലമ്പൂർ അകമ്പാടം ആറങ്കോട് തരിപ്പയിൽ ഷിബിലയെ (28) ആണ് കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിസർവ് ബാങ്കിൽ നിന്ന് വായ്പ സംഘടിപ്പിച്ച് തരാമെന്ന വാഗ്ദാനത്തിൽ വരെ ആളുകൾ വീണെന്ന് പോലീസ് പറഞ്ഞു. റിസർവ് ബാങ്ക് വായ്പ മുതൽ ജോലി വരെ വാഗ്ദാനം ചെയ്താണ് പലരെയും കബളിപ്പിച്ചത്.
അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റിൽ കാഷ്യർ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സ്വർണവ്യാപാരി ഉൾപ്പെടെ ഒട്ടേറെപ്പേരിൽനിന്ന് പണം തട്ടിയെടുത്തതായാണ് വിവരം. തിരുവനന്തപുരത്ത് റിസർവ് ബാങ്ക് ഓഫിസിൽ ജോലി കിട്ടിയെന്നു ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയത്. ബാങ്ക് വായ്പ വാഗ്ദാനം ചെയ്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങുകയാണ് തട്ടിപ്പിന്റെ രീതി. അകമ്പാടം, സേലം എന്നിവിടങ്ങളിൽ ജ്വല്ലറി നടത്തുന്ന വ്യാവസായിക്ക് 80 ലക്ഷം രൂപ വായ്പ വാഗ്ദാനം ചെയ്തതാണ് തട്ടിപ്പ് നടത്തിയത്. നികുതി അടയ്ക്കാനും മറ്റു ചെലവുകൾ ക്കുമെന്നു പറഞ്ഞ് പലതവണയായി ഇയാളിൽനിന്ന് 30 ലക്ഷം രൂപ വാങ്ങി.
വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയ വ്യവസായി തിരുവനന്തപുരം റിസർവ് ബാങ്ക് ഓഫിസിൽ അന്വേഷിച്ചപ്പോൾ അങ്ങനെ ഒരാൾ ജോലി ചെയ്യുന്നില്ല എന്നറിഞ്ഞു. ചെക്ക് ബാങ്കിൽ ഹാജരാക്കിയപ്പോൾ പണം ഇല്ലാതെ മടക്കി. തുടർന്ന് വ്യവസായിയുടെ പരാതിയിൽ സേലം മേട്ടൂർ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതിനിടെയാണ് അകമ്പാടത്തെ യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഇവർക്കെതിരെ സമാന പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവതി ബിരുദാനന്തര ബിരുദധാരിയാണെന്ന് പറയുന്നു. വിവാഹമോചിതയാണ്. 4 വർഷം മുൻപ് വീട്ടിൽനിന്നു പോയ ഇവർ വല്ലപ്പോഴുമാണ് നാട്ടിൽ വരുന്നത്. പ്രതി അറസ്റ്റിലായതറിഞ്ഞ് നിലമ്പൂർ സ്റ്റേഷനിൽ ഒട്ടേറെപ്പേർ പരാതിയുമായെത്തി. അമ്പലവയൽ, മണ്ണുത്തി, വടക്കാഞ്ചേരി, തിരൂരങ്ങാടി സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐ മുജീബ്, എ.എ.സ്.ഐ സുധീർ, ടി.സജേഷ്, സുനു എന്നിവരും ഡാൻസാഫ് സംഘവും ചേർന്ന് തിരുവനന്തപുരം ലരാമപുരത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam