കൊല്ലം അച്ചൻകോവിലിൽ കെഎസ്ആർടിസി ബസിന് നേരെ കാട്ടാന പാഞ്ഞടുത്തു. അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടപ്പോൾ ഡ്രൈവർ ബസ് പിന്നോട്ടെടുത്ത് യാത്രക്കാരെ രക്ഷിച്ചു. വിവരമറിയിച്ചിട്ടും വനംവകുപ്പ് സഹായത്തിനെത്തിയില്ലെന്നും യാത്രക്കാർക്ക് പരാതിയുണ്ട്.
കൊല്ലം: കെഎസ്ആർടിസി ബസിന് മുന്നിൽ നിലയുറപ്പിച്ച് കാട്ടാന. കൊല്ലം അച്ചൻകോവിലിലാണ് സംഭവം. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് പുനലൂരിൽ നിന്നും അച്ചൻകോവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിന് മുന്നിലേക്ക് അപ്രതീക്ഷിതമായി കാട്ടാനയെത്തിയത്. ആന പോകാനായി കെഎസ്ആർടിസി ബസും മറ്റ് വാഹനങ്ങളും അരമണിക്കൂറിലേറെ നേരം റോഡിൽ കാത്തു കിടന്നു. എന്നാൽ കാട് കയറാൻ കൂട്ടാക്കാതിരുന്ന ആന ബസിന് നേരെ പാഞ്ഞടുത്തു. ഇതോടെ ഡ്രൈവർ സമയോചിതമായി ബസ് ഏറെ ദൂരം പിന്നോട്ടെടുത്തു. ബസിൽ നിന്നും ശ്രദ്ധ മാറിയതോടെയാണ് ആന പിന്മാറിയത്. യാത്രക്കാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും സഹായത്തിനെത്തിയില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. അരമണിക്കൂറിലേറെ നേരം ആന കാട്ടിലേക്ക് മറഞ്ഞ ശേഷമാണ് യാത്ര പുനരാരംഭിക്കാനായത്. വന്യമൃഗശല്യം രൂക്ഷമായ ഇവിടേക്ക്, വനപാലകരെ സഹായത്തിനായി വിളിച്ചറിയിച്ചാൽ എത്താറില്ലെന്നാണ് നാട്ടുകാരുടെ പരാതി.


