
മാവേലിക്കര: ജർമ്മനിയിൽ ഡോക്ടർ ആണെന്ന വ്യാജേന ആൾമാറാട്ടം നടത്തി ഹോസ്പിറ്റലിൽ ജോലി നൽകാം എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മാവേലിക്കര സ്വദേശിനിയായ ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്നും 22.97 ലക്ഷം രൂപ തട്ടിയ കേസിലെ ഒരു പ്രതി അറസ്റ്റില്‍. പത്തനംതിട്ട അടൂർ സ്വദേശിനിയായ അനിത മുരളീധരൻ (44) നെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയിൽ നിന്നും 6 ലക്ഷത്തോളം രൂപ അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ പ്രതി.
ജർമ്മനിയിൽ ഡോക്ടറാണെന്ന് പേരിൽ ആൾമാറാട്ടം നടത്തി സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് ഹോസ്പിറ്റലിൽ സ്റ്റാഫ് ആയി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയിൽ നിന്നും പ്രതി പണം തട്ടിയത്. ഇത്തരത്തിൽ കഴിഞ്ഞ ഫെബ്രുവരി 2 മുതൽ ഓഗസ്റ്റ് 11 വരെയുള്ള തീയതികളിലായി ആകെ 22.97 ലക്ഷം രൂപയാണ് പരാതിക്കാരിയിൽ നിന്നും പ്രതികൾ അയച്ചുവാങ്ങിയത്. മാസങ്ങൾ കാത്തിരുന്നിട്ടും ജോലി ലഭിക്കാതായപ്പോൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോളാണ് ഇതൊരു തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്.
തുടർന്ന് പരാതിക്കാരി നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ 1930 എന്ന ടോൾഫ്രീ നമ്പറിൽ പരാതിപ്പെടുകയും, ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 28 ന് എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പരാതിക്കാരിയിൽ നിന്നും അയച്ചുവാങ്ങിയ 22.97 ലക്ഷം രൂപയിൽ 5.87 ലക്ഷം രൂപ തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായത്.
പ്രതിയുടെ സുഹൃത്തായ സ്കോട്‌ലൻഡ് സ്വദേശി ഫ്രെഡ് ക്രിസ് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയച്ചു വാങ്ങിയതെന്നും ഇയാൾ ഡൽഹിയിൽ വന്നപ്പോൾ ഉപയോഗിക്കുന്നതിനായി ബാങ്ക് പാസ് ബുക്ക്, എ ടി എം കാർഡ് എന്നിവ ഇയാൾക്ക് അയച്ചു കൊടുത്തിട്ടുള്ളതായും ഇവർ പറഞ്ഞിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ സൈബർ ക്രൈം പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പ്രകാരം വിശാഖപട്ടണം, പത്തനംതിട്ട അടൂർ, കോട്ടയം തൃക്കൊടിത്താനം, ഒഡിഷ ബെർഹാംപൂർ, തമിഴ്നാട് ശിവഗംഗൈ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam