
കൊച്ചി: വയോധികയുടെ സ്വർണമാല കവർന്നെടുക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി പിടിയിലായി. മധുര സ്വദേശിനി സെൽവി (46) ആണ് മൂവാറ്റുപുഴ പൊലീസിന്‍റെ പിടിയിലായത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ മാല പൊട്ടിച്ചെടുക്കാനാണ് ശ്രമിച്ചത്.
മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വെച്ചതിനെ തുടർന്ന് അവിടെ കൂടിയവർ ചേർന്ന് തടഞ്ഞ് നിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും സമാന രീതിയിൽ പ്രതിക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐമാരായ സി ആർ രഞ്ജുമോൾ, കെ എസ് ജയൻ, ജി അനൂപ് , പി സി ജയകുമാർ, സീനിയൽ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു രാജപ്പൻ, കെ വി ഗിരീഷ് കുമാർ, പ്രതിഷ, എം എ മജീഷ എന്നിവരുമുണ്ടായിരുന്നു. പ്രതി സമാനമായ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam