
ചേർത്തല: ഒറ്റപ്പുന്നയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചേർത്തല നഗരസഭ ഒന്നാം വാർഡ് നികർത്തിൽ ബേബിയുടെ മകൾ പ്രിയ(28)ആണ് മരിച്ചത്. ചേന്നംപള്ളിപ്പുറം 16-ാം വാർഡ് വലിയവെളി ക്ഷേത്രത്തിനു സമീപമുളള വാടകവീട്ടിലാണ് സംഭവം.
ഏഴുമാസമായി ഇവർ ഇവിടെ താമസിക്കുന്നുണ്ട്. കാമുകനായ തുറവുർ സ്വദേശി സജിക്കൊപ്പമായിരുന്നു യുവതി കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ടു മക്കളുമുള്ള സജി ചില ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ എത്തിയിരുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. വ്യാഴാഴ്ച രാത്രി 7.30- ഓടെയാണ് മൃതദേഹം കണ്ടത്. സജി ഇല്ലാത്തപ്പോൾ പ്രിയക്ക് രാത്രികാലത്തു കൂട്ടുനിന്നിരുന്ന കൂട്ടുകാരിയായ സിന്ധു വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
തുടര്‍ന്ന് മകനെ വിളിച്ചുതുറപ്പിച്ചപ്പോഴാണ് മൃതദേഹം കാണുന്നത്. പ്രദേശവാസികൾ ദുരൂഹതയാരോപിച്ചതോടെ ചേർത്തലയിൽ നിന്ന് പൊലീസെത്തി കാവലേർപെടുത്തി. രാവിലെ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും വർഷങ്ങൾക്കു മുമ്പ് സജിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയ പ്രിയ പലയിടങ്ങളിലായി വാടകവീടുകളിൽ താമസിച്ചുവരികയായിരുന്നു.
വീട്ടുകാരുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. പാണാവള്ളിയിൽ താമസിക്കുമ്പേഴാണ് പ്രിയ സിന്ധുവുമായി കൂട്ടായത്. രണ്ടാഴ്ച മുമ്പ് പള്ളിപ്പുറത്തെ വീട്ടിലെത്തിയ സജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതായാണ് പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇതിനു ശേഷം സജിക്ക് കോവിഡും ബാധിച്ചതോടെ ഇയാൾ പള്ളിപ്പുറത്തേക്കു വരാതായി. അച്ഛനും, കാമുകൻ സജിക്കും, കുട്ടുകാരി സിന്ധുവിനും കത്തെഴുതി വച്ചിട്ടുണ്ട്.
ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ പൊലീസ് അന്വേഷണം തുടങ്ങി. സജി കൊവിഡ് മുക്തനായ ശേഷം ഇയാളിൽ നിന്നും വിവരങ്ങൾ തേടും. ചേർത്തല തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹംആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam