സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തിനെതിരായ സര്‍ഫാസി നിയമപ്രകാരമുള്ള ബാങ്ക് നടപടിക്കെതിരെ വനിതാ കമ്മീഷന്‍

By Web TeamFirst Published Jul 16, 2019, 7:55 PM IST
Highlights

സര്‍ഫാസി നിയമപ്രകാരം സ്ത്രീകളും ചെറിയ കുട്ടികളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിനെതിരായി പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വീകരിച്ച ജപ്തി നടപടികള്‍ക്കെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കും

തൃശൂര്‍: സര്‍ഫാസി നിയമപ്രകാരം സ്ത്രീകളും ചെറിയ കുട്ടികളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിനെതിരായി പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വീകരിച്ച ജപ്തി നടപടികള്‍ക്കെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുക്കും. 10 വര്‍ഷമായി ഇവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബിക്കെതിരെയും കേസെടുക്കാന്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ തീരുമാനമായി.

വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ഒല്ലൂര്‍ സെക്ഷന്‍ അധികൃതരോട് ഉടന്‍ വിശദീകരണം തേടാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കാനുമാണ് വനിതകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തിന്റെ തീരുമാനമായിരിക്കുന്നത്.

ദേശീയപാതയോരത്ത് രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള തലോറിലെ 23.5 സെന്റ് സ്ഥലമാണ് ലേലത്തില്‍ വയ്ക്കാന്‍ പഞ്ചാബ് ബാങ്ക് തയ്യാറെടുക്കുന്നത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് 30 ലക്ഷം രൂപ ഈടാക്കി ബാക്കി തുക കുടുംബത്തിന് നല്‍കുന്ന നിലയിലുള്ള നടപടികള്‍ ബാങ്ക് സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാഴ്ചാവൈകല്യമുള്ള കുട്ടി ഉള്‍പ്പെടെയുള്ള കുടുംബത്തിനോട് മനുഷ്യത്വപരമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

click me!