
സുല്‍ത്താന്‍ ബത്തേരി: നൂറ്റാണ്ടുകളെ അതിജീവിച്ചെങ്കിലും ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി നഗര ഹൃദയത്തിലെ മരപ്പലകയാല്‍ നിര്‍മ്മിച്ച ഇരുനില കെട്ടിടം ഓര്‍മ്മയാകുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം എ.ഡി.എമ്മിന്‍റെ സാന്നിധ്യത്തില്‍ നഗരസഭാ സെക്രട്ടറി, പിഡബ്ല്യുഡി റോഡ്‌സ് അസിസ്റ്റന്‍റ് എന്‍ജിനീയര്‍, കെട്ടിട ഉടമകള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ തങ്ങള്‍ തന്നെ കെട്ടിടം പൊളിച്ചു നീക്കാമെന്ന് അറിയിക്കുകയായിരുന്നു.
മുകള്‍നില അടക്കം പൂര്‍ണമായും പലകയില്‍ നിര്‍മ്മിച്ച കെട്ടിടമാണിത്. ബത്തേരി ചുങ്കത്ത് നിന്ന് ഊട്ടിയിലേക്കും മൈസൂരുവിലേക്കും റോഡുകള്‍ പിരിയുന്ന ജങ്ഷനിലുള്ള ഈ പഴയ കെട്ടിടം ടൗണിലെത്തുന്നവര്‍ക്കെല്ലാം കൗതുകക്കാഴ്ചയായിരുന്നു. ഓട് കൊണ്ടാണ് മേല്‍ക്കൂര. ഈ കെട്ടിടം കാണാനായി മാത്രം ദൂരസ്ഥലങ്ങളില്‍ നിന്ന് വ്‌ളേഗര്‍മാരടക്കം എത്തിയിരുന്നു.
കെട്ടിടം പൊളിച്ചു നീക്കണമെന്ന അധികൃതരുടെ ആവശ്യം ഉടമകള്‍ ആദ്യം അംഗീകരിച്ചിരുന്നില്ല. അപകടാവസ്ഥയിലായ കെട്ടിടം പൊളിക്കാന്‍ നഗരസഭ മുമ്പ് പലതവണ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. ചരിത്രാവശേഷിപ്പായ ഈ കെട്ടിടത്തെ പഴമ ചോരാതെ ബലപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അതും യാഥാര്‍ത്ഥ്യമായില്ല. ഒടുവില്‍ കെട്ടിടം പൊളിച്ചു നീക്കണമെന്ന നഗരസഭയുടെ നോട്ടീസിനെതിരെ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തദ്ദേശവകുപ്പ് ട്രൈബ്യൂണല്‍ വഴി 2022 സെപ്റ്റംബര്‍ 16 വരെ സ്റ്റേ നല്‍കുകയും ചെയ്തിരുന്നു.
സ്റ്റേ നിലനില്‍ക്കെയാണ് ചര്‍ച്ചകളിലൂടെ ഉടമകളുടെ ഭാഗത്ത് നിന്ന് കെട്ടിടം പൊളിച്ചു നീക്കാമെന്ന തീരുമാനം ഇപ്പോള്‍ വന്നിരിക്കുന്നത്. കെട്ടിടം പൊളിച്ച് നീക്കുകയോ, സുരക്ഷ ഉറപ്പുവരുത്തുകയോ ചെയ്യണമെന്ന് ജില്ല കലക്ടറും ഉത്തരവിട്ടിരുന്നു.
1956 മുതല്‍ ചീരാല്‍ പുതുശേരി കേശവന്‍ ചെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം നിലവില്‍ അദ്ദേഹത്തിന്‍റെ മക്കളായ സുമതി, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പേരിലാണ്. ഇതിനിടെ ഗ്രീന്‍സ് എന്ന സംഘടന ഈ കെട്ടിടം ഗ്രാഫ്റ്റി പെയിന്‍റിങ് നടത്തി മനോഹരമാക്കിയിരുന്നു. കെട്ടിടം പൊളിച്ച് നീക്കപ്പെടുന്നതോടെ നഗരഹൃദയത്തിലെ നാല് സെന്‍റോളം സ്ഥലം വേലി കെട്ടി തിരിച്ച് മോടി പിടിപ്പിക്കും.