കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു; സംസ്ഥാന പാത നാട്ടുകാര്‍ ഉപരോധിച്ചു

By Web TeamFirst Published Jan 16, 2021, 9:21 PM IST
Highlights

പ്രദേശത്ത് വര്‍ഷങ്ങളായി ആനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് തൊഴിലാളികള്‍ കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.
 

കല്‍പ്പറ്റ: മേപ്പാടി കുന്നമ്പറ്റയില്‍ കാട്ടാന ആക്രമിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന തോട്ടം തൊഴിലാളി മരിച്ചു. മൂപ്പന്‍കുന്നില്‍ പരശുരാമന്റെ ഭാര്യ പാര്‍വതി (50) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഊട്ടി-കോഴിക്കോട് സംസ്ഥാന പാത ഉപരോധിച്ചു. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം തഹസില്‍ദാര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍, മേപ്പാടി പൊലീസ് എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. രാവിലെ പത്തരയോടെ കുന്നമ്പറ്റ ജംങ്ഷനിലാണ് സമരം തുടങ്ങിയത്. 

കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തിര ധനസഹായവും ആശ്രിതരില്‍ ഒരാള്‍ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലിയും നല്‍കാമെന്നുള്ള തഹസില്‍ദാരുടെ ഉറപ്പിന്മേല്‍ ജനങ്ങള്‍ പിന്‍മാറുകയായിരുന്നു. പ്രദേശത്ത് വര്‍ഷങ്ങളായി ആനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് തൊഴിലാളികള്‍ കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. അന്നും പ്രതിഷേധങ്ങളുണ്ടായെങ്കിലും വനംവകുപ്പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് അന്നും വനംഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആനശല്യത്തിന് ശാശ്വത പരിഹാരം കാണുമെന്നും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ട പാര്‍വതി ചെമ്പ എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ഇവിടുത്തെ ജോലി കഴിഞ്ഞ് മടങ്ങും വഴി കഴിഞ്ഞ മാസം 30ന് കുന്നമ്പറ്റയില്‍ വെച്ച് ആനക്ക് മുമ്പിലകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അടിയന്തിര ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതേ സമയം ഭീതിയോടെയാണ് തങ്ങള്‍ ഓരോ ദിവസവും ജോലിക്കിറങ്ങുന്നതും തിരിച്ചെത്തുന്നതുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
 

click me!