കരിങ്കൽ ക്വാറികളിലെ ഖനനപ്രവർത്തികൾ സുതാര്യമാക്കാൻ കാസർകോട് നടപടി

By Web TeamFirst Published Sep 8, 2018, 1:04 AM IST
Highlights

ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ), ഈ മേഖലയിലെ ഒരു വിദഗ്ധൻ എന്നിവരും ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് ഖനന അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകുക

കാസർ‌ഗോഡ്: കരിങ്കൽ ക്വാറികൾ ഉൾപ്പെടെയുള്ള ഖനനപ്രവർത്തികൾ സുതാര്യമാക്കാൻ കാസർകോട് ജില്ലയിൽ നടപടി. ജില്ലാ കളക്ടർ അധ്യക്ഷനും  റവന്യു ഡിവിഷണൽ ഓഫീസർ (ആർഡിഒ) സെക്രട്ടറിയുമായ സമിതിയാണ് കാസർകോട് ജില്ലയിലെ ഖനനപ്രവർത്തികൾ സുതാര്യമാക്കുവാൻ നടപടികൾ തുടങ്ങിയത്.

ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ), ഈ മേഖലയിലെ ഒരു വിദഗ്ധൻ എന്നിവരും ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് ഖനന അപേക്ഷകൾ പരിശോധിച്ച് അനുമതി നൽകുക. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ കരിങ്കൽ ക്വാറി തുടങ്ങുന്നതിനായി ലഭിച്ച 35 അപേക്ഷകളിൽ 19 എണ്ണത്തിന് അനുമതി നൽകി.

ബാക്കി അപേക്ഷകൾ  പരിഗണനയിലാണ്‌. എല്ലാ മാസവും രണ്ട് തവണ വീതം യോഗം ചേർന്നാണ് സമിതി അപേക്ഷകൾ പരിശോധിക്കുന്നത്. ക്വാറിയിൽ നിന്ന് 50 മീറ്റർ ദൂരം റോഡിലേക്ക് ഉണ്ടാകണമെന്നും 50 മീറ്റർ അകലത്തിൽ വീടോ വനമോ ഉണ്ടാകരുത്‌.

പരിസരവാസികൾക്കും പരാതി ഉണ്ടാകരുത്. നിലവിൽ വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പ, കള്ളാർ, ബളാൽ, തായന്നൂർ, മാലോത്ത്, വെസ്റ്റ് എളേരി വില്ലേജുകളിലും കാസർഗോഡും രണ്ട് വീതവും ഹൊസ്ദുർഗില്‍ നാലും മഞ്ചേശ്വരത്ത് രണ്ടും ക്വാറികൾക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്.

ജില്ലയിൽ 227 അപേക്ഷകളിൽ 215  ചെങ്കൽ ക്വാറികൾക്കും നാല് മണ്ണെടുപ്പ് കേന്ദ്രങ്ങൾക്കും ഒരു കളിമണ്‍ ഖനനത്തിനും പരിസ്ഥിതി അനുമതി നൽകിയിട്ടുണ്ട്. സർക്കാരിലേക്ക് ഇവരിൽ നിന്ന് അളവിനനുസരിച്ചുള്ള റോയൽറ്റിയും ഈടാക്കും.

കരിങ്കൽ ക്വാറികൾ ഉൾപ്പെടെയുള്ള അനധികൃത ഖനന പ്രവർത്തികൾ തടയുന്നതിനായാണ് ഖനന അപേക്ഷകൾ സുതാര്യമാക്കിയതെന്നും അനുമതി യില്ലാതെ ഇത്തരം ഖനന പ്രവർത്തികൾ നടത്തിയാൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും കാഞ്ഞങ്ങാട് ആർഡിഒ സി. ബിജു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

എന്നാൽ, ഖനനമാഫിയകളെ സഹായിക്കുന്നതിനാണ് അധികൃതർ  നടപടികൾ സുതാര്യമാക്കിയതെന്നും നിലവിലുള്ള പരിശോധന വെറും ചടങ്ങ് തീർക്കൽ മാത്രമാണെന്നും ക്വാറികൾക്ക് അനുമതി നൽകുമ്പോൾ കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും ഇപ്പോൾ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്നും  പരിസ്ഥിതിപ്രവർത്തകൻ പി. കൃഷ്ണൻ ആവശ്യപ്പെട്ടു.

click me!