ജീവിതചക്രം തിരിക്കാൻ കടപ്പുറത്തിന്റെ കഥാകാരൻ ദിവസവും സൈക്കിൾ ചവിട്ടുന്നത് 125 കിലോമീറ്റർ!

Published : Jul 17, 2021, 05:00 PM IST
ജീവിതചക്രം തിരിക്കാൻ കടപ്പുറത്തിന്റെ കഥാകാരൻ ദിവസവും സൈക്കിൾ ചവിട്ടുന്നത് 125 കിലോമീറ്റർ!

Synopsis

തുമ്പോളി കടപ്പുറത്തിന്റെ കഥാകാരൻ ഉണ്ണി ജോസഫ് ആലപ്പുഴ തുമ്പോളിയിലെ വാടകവീട്ടിൽനിന്ന് എറണാകുളംവരെ ദിവസവും 125 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടുന്നത്

ആലപ്പുഴ: തുമ്പോളി കടപ്പുറത്തിന്റെ കഥാകാരൻ ഉണ്ണി ജോസഫ് ആലപ്പുഴ തുമ്പോളിയിലെ വാടകവീട്ടിൽനിന്ന് എറണാകുളംവരെ ദിവസവും 125 കിലോമീറ്ററാണ് സൈക്കിൾ ചവിട്ടുന്നത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വിശപ്പടക്കുകയാണ് ലക്ഷ്യം. എറണാകുളത്ത് സെക്യൂരിറ്റി ജോലിചെയ്യുകയാണ് ഉണ്ണി ജോസഫ് ഇന്ന്. 

ഒരു കാലത്ത് ആറും ഏഴും മലയാള വാരികകളിൽ ഒരേ സമയം നോവലുകൾ എഴുതിയിരുന്ന പ്രതിഭാധനനായ എഴുത്തുകാരനായിരുന്നു ഇദ്ദേഹം. തീരജനതയുടെ ജീവിതം പറഞ്ഞ നോവൽ കടപ്പുറത്തിന്റെ രചയിതാവ്. തുമ്പോളി കടപ്പുറം എന്ന പേരിൽ സംവിധായകൻ ജയരാജ് നോവൽ സിനിമയാക്കി. മുപ്പതിലേറെ നോവലുകൾ, ചെറുകഥാ സമാഹാരം, ആനുകാലികങ്ങളിൽ 60ലേറെ കഥ, കവിതകൾ സൃഷ്ടികളങ്ങനെ നീളുന്നു. 

പൗരധ്വനി ചെറുകഥാ അവാർഡ്, മനോരാജ്യം ചെറുകഥാ അവാർഡ്, പൗരധ്വനി നോവൽ അവാർഡ് എന്നിങ്ങനെ തേടിയെത്തിയ പുരസ്കാരങ്ങളും ഏറെ. ടിവി സീരിയലുകളുടെ കടന്നുവരവേടെ ഉണ്ണി ജോസഫിനെ പോലുള്ള എഴുത്തുകാരുടെ സുവർണകാലം അവസാനിച്ചു. തുമ്പോളി കടപ്പുറത്തിനുശേഷം സിനിമയിൽനിന്ന് ധാരാളം വാഗ്ദാനങ്ങളെത്തി. അതോടെ ചെന്നൈയിലെത്തി. അവിടെയും പിടിച്ചുനിൽക്കാനായില്ല. തിരികെയെത്തിയപ്പോൾ ജീവിതം സെക്യൂരിറ്റിയുടെ കുപ്പായമണിയിച്ചു. 

ഭാര്യ സിന്ധു ജോസഫും അടുത്തൊരു സ്ഥാപനത്തിൽ ജോലിക്ക് പോയിത്തുടങ്ങി. കൊവിഡ് തുടങ്ങിയതോടെ സുഹൃത്തിന്റെ സൈക്കിൾ കടംവാങ്ങി ജോലിക്കെത്താൻ തുടങ്ങി. പുലർച്ചെ അഞ്ചിന് തുമ്പോളിയിലെ വാടകവീട്ടിൽനിന്ന് ഇറങ്ങും. പട്ടണക്കാടെത്തുമ്പോൾ ഒരു ചായ. പിന്നെ ജോലി സ്ഥലംവരെ രണ്ടര മണിക്കൂർ നിർത്താതെ യാത്ര. രാത്രി എട്ടിന് തിരികെ വീട്ടിലേക്ക്. കഷ്ടപ്പാടിന്റെ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീക്കുന്നതിനിടെ മുപ്പതോളം വാടകവീടുകൾ മാറി. 

സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിൽ അടച്ചുറപ്പുള്ള കൊച്ചുവീടും മാത്രമാണിന്ന് സ്വപ്നം. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി ബിജുമോൻ, ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റ് ജയൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ സ്ഥലം വാങ്ങി വീടൊരുക്കാൻ ശ്രമം തുടങ്ങി. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ