
മലപ്പുറം: രോഗബാധിതയായി ചികിത്സയിലായിരുന്ന ഭാര്യ മരിച്ച വിവരമറിഞ്ഞ് മനംനൊന്ത് ആത്മഹത്യ ചെയ്യാന്‍ മരത്തിന് മുകളില്‍ കയറിയ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് രക്ഷപ്പെടുത്തി ബന്ധുക്കള്‍ക്കൊപ്പം അയച്ചു. നിലമ്പൂര്‍ സ്വദേശിയായ യുവാവാണ് കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സമയോചിത ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപമുള്ള വെള്ളിപറമ്പ് കയറ്റത്തില്‍ സിനിമാ തിയേറ്ററിന് മുന്നിലെ മരത്തിന് ചുവട്ടില്‍ ഒരാള്‍ സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. മരത്തിന് മുകളിലേക്ക് നോക്കി നില്‍ക്കുന്ന ആളോട് എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍, ഒരു യുവാവ് ഏറെ നേരമായി മരത്തിന് മുകളില്‍ നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ മറുപടി നല്‍കി.ഉടന്‍ തന്നെ പൊലീസ് വിവരങ്ങള്‍ തിരക്കിയെങ്കിലും യുവാവ് പ്രതികരിക്കാന്‍ തയ്യാറായില്ല. താഴെയിറങ്ങാനും കൂട്ടാക്കിയില്ല. തുടര്‍ന്ന് ഉടന്‍ തന്നെ വെള്ളിമാടുകുന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു യൂണിറ്റില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി നടത്തിയ വിദഗ്ധമായ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കാനായത്.
തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് യുവാവിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍, ഭാര്യ മെഡിക്കല്‍ കോളജിലെ ആറാം വാര്‍ഡില്‍ ചികിത്സയിലാണെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. തുടര്‍ന്ന് യുവാവ് നല്‍കിയ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോഴാണ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഭാര്യ മരിച്ച വിവരം പൊലീസിനെ അറിയിക്കുന്നത്.
ഭാര്യ മരിച്ച ദുഃഖം താങ്ങാനാവാതെ ബന്ധുക്കളോട് പോലും വിവരം പറയാതെ ഫോണ്‍ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്യാനാണ് യുവാവ് മരത്തില്‍ കയറിയത്. നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി പരിസരത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് പൊലീസിന്റെ ഫോണ്‍ കോളെത്തുന്നത്. പിന്നീട് പൊലീസ് ഏറെ നേരം യുവാവിനെ സാന്ത്വനിപ്പിക്കുകയും, വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ക്കൊപ്പം സുരക്ഷിതമായി അയക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam