
തിരുവനന്തപുരം: കരമന ആറ്റിൽ യുവാവ് മുങ്ങിമരിച്ചു. കുടപ്പനക്കുന്ന് കിണവൂർ പറക്കോട് ലൈനിൽ മണികണ്ഠന്റെ മകൻ വിഷ്ണു(22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമാണ് ആറ്റിലിറങ്ങിയത്. വിജനമായ ഈ സ്ഥലത്ത് ആറ്റിൽ വൻ കയങ്ങളുണ്ട്. വെള്ളത്തിലിറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടതാകാമെന്നാണ് പൊലീസ് നിഗമനം. കാവടിക്കടവിന് സമീപം വലിയവട്ടമെന്നാണ് അപകടമുണ്ടായ സ്ഥലം അറിയപ്പെടുന്നത്. സംഭവം അറിഞ്ഞ ഉടനെ വിളപ്പിൽശാല പൊലീസ് സ്ഥലത്തെത്തിയിരുന്നു. കാട്ടാക്കട നിന്നെത്തിയ ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ വൈകുന്നേരം 4.30 മണിയോടെ വിഷ്ണുവിന്റെ
മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേരും പൊലീസ് കസ്റ്റഡിയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് മൂന്ന് പേരും വെള്ളത്തിലിറങ്ങിയതെന്നാണ് വിളപ്പിൽശാല പൊലീസ് പറയുന്നത്. അതേസമയം, ഈ പ്രദേശത്ത് എത്തിയ പൊലീസിനെ കണ്ട് ഭയന്ന് ഇവർ ആറ്റിൽ ചാടിയതാണെന്നും ആരോപണമുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് ആശപത്രി മോർച്ചറിയിലേക്ക് മാറ്റി.