
തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗിയുടെ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അറിയിച്ചു. കുറ്റിച്ചിറ വയലാത്ര വാവല്‍ത്താന്‍ വീട്ടില്‍ സിനീഷ്(34)ആണ് വെള്ളിയാഴ്ച ചികിത്സക്കിടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വെള്ളി പകല്‍ 8 ഓടെ താലൂക്ക് ആശുപത്രിയില്‍ അനസ്‌ത്യേഷ്യക്ക് വിധേയനായ സിനീഷ് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി അറിയിച്ചതിനെ തുടര്‍ന്ന് അതിനുള്ള ചികിത്സ നൽകിയിരുന്നു. കുറച്ച് സമയങ്ങള്‍ക്ക് ശേഷം ഹൃദയാഘാതവും ഉണ്ടായി.
ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഇതിനിടെ അപസ്മാരകത്തിന്റെ ലക്ഷണവും കാണിച്ചു. ഈ സാഹചര്യത്തില്‍ വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കൾക്ക് നിര്‍ദേശം നൽകി. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നൽകി യാത്ര ചെയ്യാനുള്ള തരത്തില്‍ ആരോഗ്യം വീണ്ടെടുത്തതിന് ശേഷമാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ വച്ചും ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മരണത്തിന് കാരണമായത് താലൂക്ക് ആശുപത്രി അധികൃതരുടെ പിഴവല്ലെന്നും ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കിയിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam