
സുൽത്താൻ ബത്തേരി: അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയൽ പോലീസിന്റെ പിടിയിൽ. പേരാമ്പ്ര മുതുകാട് മൂലയിൽ വീട്ടിൽ ജോബിൻ ബാബുവിനെയാണ് (32) അറസ്റ്റ് ചെയ്തത്. ഇന്നലെ പേരാമ്പ്രയിൽ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2021-22ലാണ് സംഭവം. വ്യാജ രേഖ ചമച്ച് ആറു മാസത്തോളം റസിഡന്റ് മെഡിക്കൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു. ജിനു എന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡും രേഖകളും സമർപ്പിച്ചാണ് ഇയാൾ ജോലിക്ക് കയറിയത്. ഭാര്യയുടെ പേരിലുള്ള മെഡിസിൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജമായി നിർമിക്കുകയായിരുന്നു. ഇതിനിടയിൽ സംശയം തോന്നിയ അമ്പലവയലിലെ ആശുപത്രി അധികൃതർ ഇയാളോട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപെട്ടു. എന്നാൽ ജോബിൻ മൊബൈൽ സ്വിച്ച്ഓഫ് ആക്കി മുങ്ങുകയായിരുന്നു.
നഴ്‌സിംഗ് പഠന ശേഷം വിവിധ സ്ഥലങ്ങളിൽ നേഴ്‌സായി ജോലി ചെയ്ത ശേഷമായിരുന്നു കൊവിഡ് സമയത്ത് ഈ ആശുപത്രിയിൽ ജോലിക്ക് കയറിയത്. ഇൻസ്‌പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ്, സബ് ഇൻസ്പെക്ടർ എൽദോ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുജീബ്, സിവിൽ പോലീസ് ഓഫീസർ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam