
കാസർകോട്: കുമ്പളയിലെ കുറ്റിക്കാട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകം. മരിച്ച അബ്ദുല്‍ റഷീദിന്റെ സുഹൃത്ത് ഹബീബ് അറസ്റ്റിലായി. മദ്യ ലഹരിയിലെ മൽപ്പിടുത്തത്തിനൊടുവിലായിരുന്നു കൊലപാതകം. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.
തിങ്കളാഴ്ച രാവിലെയാണ് ശാന്തിപള്ളം സ്വദേശി അബ്ദുൽ റഷീദിന്റെ മൃതദേഹം കുമ്പള ഐ.എച്ച്.ആര്‍.ഡി കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. റഷീദിന്റെ സുഹൃത്തായ പെറുവാട് സ്വദേശി അഭിലാഷ് എന്ന ഹബീബ് ആണ് പിടിയിലായത്. മദ്യലഹരിയിൽ ഇരുവരും വാക്ക് തർക്കം ഉണ്ടാകുകയും പിടിച്ച് തള്ളിയപ്പോൾ റഷീദിന്റെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും നിലത്ത് വീഴുകയും ചെയ്തു.
Read more: വീടിന് സമീപത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി; 5 പേര്‍ അറസ്റ്റില്‍
തുടർന്ന് കരിങ്കല്ല് തലയിലിട്ട് കൊന്നുവെന്നാണ് ഹബീബ് നൽകിയിരിക്കുന്ന മൊഴി. മൈതാനത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം റഷീദിന്റെ മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു. റഷീദിനേയും ഹബീബിനെയും വൈകുന്നേരം ഒരുമിച്ചു കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചതായും വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹബീബിനെ പിടികൂടിയത്. വധശ്രമം അടക്കം ആറ് കേസുകളിൽ പ്രതിയാണ് അഭിലാഷ് എന്ന ഹബീബ്. മധൂര്‍ പട്ളയിലെ ഷൈന്‍ എന്ന ഷാനുവിനെ കൊന്ന് കിണറ്റില്‍ തള്ളിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അബ്ദുൽ റഷീദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam