
തിരുവനന്തപുരം: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെയും മറ്റ് ജീവനക്കാരെയും അസഭ്യം വിളിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിലായി. പൂവാർ കരുംകുളം സ്വദേശി എസ്. ആദർശിനെയാണ് മലയിൻകീഴ് പൊലീസ് പിടികൂടിയത്. സംഭവത്തെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് ആദർശ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഈ സമയം ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കാണാതിരുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഇയാൾ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. ഇയാൾ ആശുപത്രിയിൽ എത്തുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ആദർശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡോക്ടറെ അധിക്ഷേപിച്ചതിനും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ കർശനമായി നേരിടുമെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam