
മാവൂർ: കോഴിക്കോട് മാവൂരിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന അടക്ക മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിലായി. കുന്ദമംഗലം ചേലൂർ സ്വദേശി വിശാഖ്, പെരുവഴിക്കടവ് സ്വദേശി അജയ്, കുറ്റിക്കാട്ടൂർ സ്വദേശി രോഹിത് എന്നിവരെയാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച അടക്ക കടത്തുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് പ്രതികളെ കുടുക്കിയത്.
മാവൂർ മേഖലയിലെ ഒരു വീട്ടിൽ ഉണക്കാനിട്ടിരുന്ന അടക്കയാണ് ഇവർ മോഷ്ടിച്ചത്. തുടർന്ന് ചാക്കിലാക്കി ബൈക്കിൽ കടത്തുന്നതിനിടെ അപ്രതീക്ഷിതമായി ചാക്ക് പൊട്ടുകയും അടക്ക റോഡിൽ ചിതറി വീഴുകയും ചെയ്തു. റോഡിൽ അടക്ക വീണത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാവൂർ പൊലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിൽ മോഷണവിവരം പുറത്തുവന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായ യുവാക്കൾ മുൻപും സമാനമായ മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. സമീപപ്രദേശങ്ങളിൽ നടന്ന കൊപ്ര മോഷണ കേസുകളിലും ഇവർക്ക് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ മോഷണവിവരങ്ങൾ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam