'അവരെന്നെ കൊല്ലുന്നേ....', മൂന്നാറിലൂടെ അലറി വിളിച്ച് യുവാവ്; എല്ലാം 'കിക്ക്' ആണെന്ന് പൊലീസ്, ട്വിസ്റ്റ് !

By Vishnu N VenugopalFirst Published Aug 25, 2021, 12:08 PM IST
Highlights

പഴയ മൂന്നാറിലുള്ള റിസോര്‍ട്ടില്‍ മുറിയെടുത്ത യുവാവും സംഘവും ബൈക്കില്‍ ടോപ്പ് സ്റ്റേഷനിലെത്തി അവിടെ നിന്നും കഞ്ചാവ് സംഘടിപ്പിച്ച് വലിച്ചു. രാത്രി റൂമിലെത്തി മദ്യപിച്ച ശേഷമാണ് കിടന്നത്. 

മൂന്നാര്‍: 'തന്നെ കൊല്ലാന്‍ വരുന്നേ....' എന്ന് അലറി വിളിച്ച് മൂന്നാര്‍ ടൌണിലൂടെ ഓടി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഉദ്യോഗസ്ഥരെ  ഒരു രാത്രി മുഴുവന്‍ വട്ടം ചുറ്റിച്ചു. കഞ്ചാവ് വലിച്ച് പിന്നാലെ മദ്യവും അകത്താക്കി കിറുങ്ങിയ യുവാവാണ് പൊലീസുകാര്‍ക്ക് തലവേദനയായത്. ഒടുവില്‍ പ്രശ്നം കഞ്ചാവാണെന്ന് മനസിലായതോടെ  യുവാവിനെ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് യുവാവ് സുഹൃത്തുക്കള്‍ തന്നെ കൊല്ലാന്‍ വരുന്നെ എന്ന് അലറി വിളിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. തിങ്കളാഴ്ച രാവിലെയാണ് യുവാവും സുഹൃത്തുക്കളും മൂന്നാറിലെ ഒരു റിസോര്‍ട്ടിലെത്തിയത്. പഴയ മൂന്നാറിലുള്ള റിസോര്‍ട്ടില്‍ മുറിയെടുത്ത ഇവര്‍ ബൈക്കില്‍ ടോപ്പ് സ്റ്റേഷനിലെത്തി അവിടെ നിന്നും കഞ്ചാവ് സംഘടിപ്പിച്ച് വലിച്ചു. രാത്രി റൂമിലെത്തി മദ്യപിച്ച ശേഷമാണ് കിടന്നത്. രാത്രി സുഹൃത്തുക്കളറിയാതെ മുറിവിട്ടിറങ്ങിയ യുവാവ് കരഞ്ഞ് വിളിച്ച് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

യുവാവിന്‍റെ  മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റിസോര്‍ട്ടിലെത്തി സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് അവര്‍ വിവരമറിയുന്നത്. അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് മനസിലാക്കിയ പൊലീസ് യുവാവിനെ തിരികെ റിസോര്‍ട്ടിലെത്തിച്ചു. എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞതോടെ പൊലീസിന് റിസോര്‍ട്ട് ഉടമയുടെ വിളിയെത്തി. ഒരു യുവാവ് തന്നെ സുഹൃത്തുക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നുവെന്നായിരുന്നു റിസോര്‍ട്ട് ഉടമ പൊലീസിനെ വിളിച്ച് പറഞ്ഞത്.

റിസോര്‍ട്ടിലെത്തിയ പൊലീസിന് സ്റ്റേഷനിലേക്ക് ഓടിയെത്തിയ യുവാവിനെയാണ് കാണാതായത്. പിന്നീട് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് എത്തിച്ചു. അവിടെ വച്ചും ഇയാള്‍ ബഹളമുണ്ടാക്കി. എന്നാല്‍ നേരം വെളുത്തതോടെ താനെങ്ങനെ സ്റ്റേഷനിലെത്തി എന്നായി യുവാവിന്‍റെ ചോദ്യം. ഒടുവില്‍ പൊലീസ് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടുകാരോടൊപ്പം വിട്ടയച്ചു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!