കെഎസ്ആർടിസി ബസിൽ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെ ചൊല്ലി തർക്കം. ഒരു യാത്രക്കാരി പ്രതിഷേധം ഉയർത്തിയതോടെ മറ്റ് യാത്രക്കാരും ഏറ്റെടുക്കുകയും, നടനെ അനുകൂലിക്കുന്നവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിനെ ചൊല്ലി തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും ആളുകൾ എത്തിയതാണ് തര്‍ക്കത്തിൽ കലാശിച്ചത്. തിരുവനന്തപുരം - തൊട്ടിൽപാലം റൂട്ടിലോടുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്. പറക്കുംതളികയെന്ന സിനിമ ബസിൽ പ്രദര്‍ശനം നടക്കുകയായിരുന്നു. എന്നാൽ പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചു. പിന്നാലെ യാത്രക്കാരിൽ ചിലര്‍ അതിനെ അനുകൂലിച്ചു . തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടിയും വന്നു. അതേസമയം, യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു.

കോടതി വിധി വന്ന ശേഷം ഇത്തരത്തിൽ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാൽ ഞങ്ങൾ സ്ത്രീകൾ ഈ സിനിമ കാണാൻ താൽപര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്. കോടതികൾ മുകളിലുണ്ടെന്നും ഞാൻ എല്ലാ സ്ത്രീകളോടും ചോദിച്ചാണ് അഭിപ്രായം അറിയിച്ചതെന്നു യാത്രിക്കാരിയായ യുവതി പറയുന്നതും, എന്നാൽ കോടതി വിധി വന്ന സംഭവത്തിൽ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്ന തരത്തിലും തര്‍ക്കങ്ങൾ തുടര്‍ന്നു. കോടതി വിധികൾ അങ്ങനെ പലതും വന്നിട്ടുണ്ടെന്നും, ദിലീപിന്റെ സിനിമ ഈ ബസിൽ കാണാൻ പറ്റില്ലെന്നും യുവതി നിലപാടെടുത്തു. മറ്റ് ചില സ്ത്രീകളും യുവതിക്ക് അനുകൂലമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കെഎസ്ആര്‍ടിസി ബസിൽ നിര്‍ബന്ധിതമായി സിനിമ കാണേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും ഭൂരിഭാഗം യാത്രക്കാരും താൻ പറഞ്ഞതിന് അനുകൂലമായാണ് നിലപാട് എടുത്തതെന്നും യുവതി പറയുന്നു.