Latest Videos

ടാറില്‍ മുങ്ങിയ നായ്ക്കുട്ടികളെ രക്ഷിക്കാന്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമം, മാതൃകയായി ചെറുപ്പക്കാര്‍

By Web TeamFirst Published Sep 5, 2020, 7:41 PM IST
Highlights

നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവയെ വീപ്പയില്‍നിന്ന് രക്ഷപ്പെടുത്തിയത്...

തിരുവനന്തപുരം: ടാറില്‍ മുങ്ങിയ നായക്കുട്ടികള്‍ക്ക് രക്ഷകരായി ഒരു കൂട്ടം ചെറുപ്പക്കാര്‍ ജീവന്റെ വില ഓര്‍മ്മപ്പെടുത്തി മാതൃകയാകുന്നു. മലയിന്‍കീഴ് തച്ചോട്ടുകാവ് കാവുവിള ലയിനില്‍ തച്ചോട്ടുകാവ് റസിഡന്‍സ്  അസോസിയേഷന്‍ പരിധിയില്‍ ആണ് ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. സ്വകാര്യ പുരയിടത്തില്‍ അടുക്കി വച്ചിരുന്ന ടാര്‍ വീപ്പകള്‍ക്ക് സമീപം പഴയ കാറിനു കീഴിലാണ് ഏഴു തെരുവ് നായ്ക്കുട്ടികള്‍ കളിക്കുകയും വിശ്രമിക്കുകയും ചെയ്തിരുന്നത്. ഇതിനിടെ മറിഞ്ഞു ടാര്‍ പുറത്തേക്ക് ഒഴുകി കിടന്ന ടാര്‍ വീപ്പയിലേക്ക്  നായ്ക്കുട്ടികള്‍ രാവിലെ ഓടി കയറി. 

ഏഴു നായ്ക്കുട്ടികളില്‍ ഒന്നൊഴികെ എല്ലാപേരും ടാറില്‍ കുടുങ്ങി. വൈകുന്നേരത്തോടെ ബാറ്റ്മിന്റന്‍ കളിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളായ സന്ദീപ് രവീന്ദ്രന്‍ (18),  അമല്‍ ബാബു (20), ശ്രീലാല്‍ (19),  അതുല്‍ എസ്സ് (21),  വിഷ്ണു (19) എന്നിവരും വിവിധയിടങ്ങളില്‍ ജോലി നോക്കുന്ന സംഗീത് രവീന്ദ്രന്‍ (28), മഹേഷ് ജി (20), വൈശാഖ് എസ് (22), ലാലു (22) എന്നിവരുമാണ്  നായ്ക്കുട്ടികളുടെ നിറുത്താതെയുള്ള കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ട് പ്രദേശത്തു പരിശോധന നടത്തിയത്.

ഇതോടെയാണ് ടാറില്‍ കുളിച്ച് ദയനീയവസ്ഥയില്‍ നയ്ക്കുട്ടികളെ കണ്ടെത്തിയത്. അഗ്‌നിരക്ഷാ സേനയെയും പൊലീസിനെയും അറിയിച്ചെങ്കിലും  ഇക്കാര്യത്തില്‍ അനുകൂല നടപടി ഉണ്ടായില്ല. തുടര്‍ന്ന് യുവാക്കള്‍ തന്നെ നായ്ക്കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. വീടുകളില്‍ ചെന്നു മണ്ണെണ്ണയും ഡീസലും തുണിയും ബ്രഷും പാത്രവും സംഘടിപ്പിച്ച ഇവര്‍ സമയോചിതമായി യുക്തിപൂര്‍വം നായ്ക്കുട്ടികളെ രക്ഷപ്പെടുത്തി. നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവയെ വീപ്പയില്‍നിന്ന് രക്ഷപ്പെടുത്തിയത്. 

തുടര്‍ന്ന്  എണ്ണയും മറ്റും പുരട്ടി  ശരീരത്തിലെ മുഴുവന്‍ ടാറും നീക്കം ചെയ്തു. നിലവിളിച്ചും വിശന്നും തളര്‍ന്ന നായ്ക്കുട്ടികള്‍ക്ക് പാലും ബിസ്‌ക്കറ്റും നല്‍കി കഴിഞ്ഞപ്പോഴേക്കും രാത്രി പത്തു മണിയോട് അടുത്തിരുന്നു. ഇതിനിടെ കുഞ്ഞുങ്ങളെ അന്വേഷിച്ചു എത്തിയ അമ്മയുടെ അടുത്തേക്ക് ഇവരെ വിട്ടു. 

click me!