
തിരുവനന്തപുരം: ശമ്പള കുടിശികയുടെ പേരിൽ യുവതി അടക്കമുള്ള അഞ്ചംഗ സംഘം യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചവശനാക്കിയ കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. പ്രധാന പ്രതിയടക്കം മറ്റുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കി വിഴിഞ്ഞം പൊലീസ്. വിഴിഞ്ഞം തെന്നൂർക്കോണം പള്ളിത്തുറ പുരയിടത്തിൽ അജിൻ(26) തമിഴ്നാട് കോയമ്പത്തൂർ മെർക്കുരാധ വീഥിയിൽ പൂർണിമ(23) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച നടന്ന സംഭവത്തിൽ പൂർണിമയെ കഴിഞ്ഞ ദിവസം കോവളത്തെ ഹോട്ടലിൽ നിന്നും അജിനെ ഇന്നലെ നഗരത്തിൽ നിന്നുമാണ് പിടികൂടിയത്. ഈ കേസിൽ ബീമാപള്ളി സ്വദേശി ഷാഫി, കണ്ടാലറി യാവുന്ന മറ്റ് രണ്ടു പേർ എന്നിവരാണ് ഇനി പിടിയിലാകാനുള്ളതെന്ന് വിഴിഞ്ഞം എസ് എച്ച് ഒ പ്രജീഷ് ശശി അറിയിച്ചു. ആറ്റിങ്ങൽ ഊരുപൊയ്ക സ്വദേശി 38 -കാരൻ അനൂപിനെ സംഘം മർദ്ദിച്ച് സ്വർണവും മൊബൈലും പണവുമുൾപ്പെടെ പിടിച്ചു പറിച്ചതായാണ് പരാതി.
വഞ്ചിയൂരിലെ ആയുർവേദ സ്പായിലെ ജീവനക്കാരിയായ യുവതിക്ക് ശമ്പള കുടിശ്ശിക കിട്ടിയില്ലെന്ന പേരിലാണ് യുവതിക്ക് ജോലി ഏർപ്പാടാക്കി നൽകിയ അനൂപിനെ യുവതിയുൾപ്പെട്ട സംഘം ആക്രമിച്ചത്. പ്രതികളിൽ ചിലർ അനൂപിന്റെ സുഹൃത്തുക്കളായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എറണാകുളത്തെ ഒരുകമ്പനിയിലെ ജീവനക്കാരനായ അനൂപ് അവിടെ വച്ചാണ് പൂർണിമയുമായി പരിചയത്തിലാകുന്നത്. പാറ്റൂരിലെ ആയുർവേദ സ്പായിൽ ജോലിക്കായി ഒരാളെ വേണമെന്നറിഞ്ഞാണ് പൂർണ്ണിമയെ അനൂപ് അവിടെഎത്തിച്ചത്.
എന്നാൽ സ്പായിൽ എത്തിയ ആളുടെ പവർ ബാങ്ക് മോഷ്ടിച്ചെന്ന പേരിൽ പൂർണിമയെ ശമ്പളം നൽകാതെ ജോലിയിൽ നിന്നു പുറത്താക്കിയിരുന്നു ഇവിടെ നിന്നും 23,000 ത്തോളം രൂപയുടെ ശമ്പള കുടിശ്ശിക വാങ്ങി നൽകാത്തതിന്റെ പ്രതികാരം തീർക്കാനാണ് യുവതി ഉൾപ്പെട്ട സംഘം അനൂപിനെ, പിടിയിലായ അജിന്റെ വിഴിഞ്ഞം തെന്നൂർക്കോണത്തെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. സ്വന്തം കാറിൽ ഒരു സുഹൃത്തിനൊപ്പം എത്തിയ അനൂപിനെ ഇവിടെ വച്ച് ആദ്യം ഒരു തവണ മര്‍ദ്ദിച്ചു.
തുടർന്ന് കയ്യിലുണ്ടായിരുന്ന പണം എ.ടി.എം കാർഡ് എന്നിവയടങ്ങിയ പഴ്സ്, രണ്ടു മൊബൈൽ ഫോണുകൾ, മോതിരം, വാച്ച് എന്നിവ പിടിച്ചു പറിക്കുകയും നഗ്ന ചിത്രങ്ങളും വീഡിയോയും പകർത്തുകയും ചെയ്തെന്ന് അനൂപ് പൊലീസന് നൽകിയ മൊഴിയിൽ പറയുന്നു. പിന്നീട് അനൂപിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഒഴിവാക്കി കോവളം ലൈറ്റ്ഹൗസ് ഭാഗത്തെ പാറക്കെട്ടിനു സമീപം എത്തിച്ച് മർദ്ദിച്ചു. തുടർന്ന് ഉറക്ക ഗുളിക നൽകി മയക്കി കന്യാകുമാരി, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വാഹനത്തിൽ കൊണ്ടു പോയശേഷം കോവളത്ത് തിരിച്ചെത്തിയതായും അനൂപ് പൊലീസിനോട് പറഞ്ഞു. കാറിൽ നിന്നു ബാഗ് എടുക്കാനെന്ന പേരിൽ പുറത്തിറങ്ങി രക്ഷപ്പെട്ട അനൂപ് ബീച്ച് റോഡിൽ കോവളം പൊലീസിനെ കാണുകയും മർദ്ദനവിവരം പറയുകയും ചെയ്തു.
ഇവർ മുറിയെടുത്തിരുന്ന ഹോട്ടലിൽ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് പൂർണിമ പിടിയിലായത്. ഇതിനിടയിൽ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ആദ്യം മർദ്ദനം നടന്നത് വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് വിഴിഞ്ഞം പൊലീസിനു കൈമാറുകയായിരുന്നു. പിടികിട്ടാനുള്ള പ്രതികളിലൊരാളായ ഷാഫി നേരത്തെയും വിഴിഞ്ഞത്തെ വീട്ടിൽ ആളിനെ വിളിച്ചുവരുത്തി മർദ്ദിച്ച കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവറായ അജിൻ പോക്സോകേസിലെപ്രതിയാണ്. പിടിയിലായ പുർണിമക്ക് തെറാപ്പിസ്റ്റ് യോഗ്യത സർട്ടിഫിക്കറ്റുകൾ ഇല്ലെന്നും മാതാപിതാക്കൾ നഷ്ടമായ ശേഷം ബന്ധു വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. എസ് എച്ച്.ഒ. പ്രജീഷ് ശശി എസ്.ഐ മാരായ വിനോദ്, ഹർഷൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam