Latest Videos

ക്ഷേത്ര കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ വീട്ടിൽ നിർത്തിയിട്ട ബൈക്കുമായി മുങ്ങി, പ്രതി അറസ്റ്റിൽ

By Web TeamFirst Published Jan 21, 2023, 9:21 PM IST
Highlights

നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ വാഹന മോഷണക്കേസിൽ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി. 

കോഴിക്കോട്: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവിനെ വാഹന മോഷണക്കേസിൽ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ കീഴ് മഠത്തിൽ മീത്തൽ മുഹമ്മദ് തായിഫ് (19) ആണ് പിടിയിലായത്. 

കഴിഞ്ഞ മാസം മൂന്നാം തിയ്യതി പുലർച്ചെ കുറ്റിയിൽ താഴത്തുള്ള വീട്ടിൽ നിർത്തിയിട്ടിരുന്ന ഒന്നരലക്ഷം രൂപയുടെ ബൈക്കാണ് പ്രതിയും സംഘവും ചേർന്ന് മോഷണം നടത്തിയത്. പൊക്കുന്ന് സ്വദേശിയായ അക്ഷയും ഫറോക്ക് സ്വദേശി മുഹമ്മദ് ഫായിസും നേരത്തെ പിടിയിലായിരുന്നു. കൂട്ടാളികൾ പിടിയിലായതറിഞ്ഞ് തായിഫ് ഒളിവിൽ പോവുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ സിറ്റി ക്രൈം സ്ക്വാഡ് തിരച്ചിൽ ഊർജിതമാക്കിയതിനെ തുടർന്ന് പ്രതി അയൽ ജില്ലകളിൽ രഹസ്യമായി താമസിക്കുകയായിരുന്നു. 

 കോഴിക്കോട് സിറ്റിയിൽ ഇടയ്ക്ക് പ്രതി വരാറുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെഇ ബൈജു ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് പാളയം മാർക്കറ്റ് റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിൻ്റെ ഭാഗമായാണ് പ്രതി അറസ്റ്റിലായത്. 

കസബ സബ്ബ് ഇൻസ്പെക്ടർ എംകെ റസാഖ് പ്രതിയെ അറസ്റ്റ് ചെയ്തു. ക്ഷേത്ര കവർച്ചകളുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ തായിഫ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, കസബ പൊലീസ് സ്റ്റേഷൻ സീനിയർ സി പി ഓ രജീഷ് അന്നശ്ശേരി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read more: ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ തലസ്ഥാനത്തെ ഫ്ലാറ്റിൽ പൊലീസ് റെയ്ഡ്, അകത്തുകയറിയത് വാതിൽ തകർത്ത്

അതേസമയം, സ്ഥിരമായി  ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച്  വിൽപ്പന നടത്തി വന്ന വർക്ക് ഷോപ്പ് മെക്കാനിക്കായിരുന്ന മോഷ്ടാവ് അറസ്റ്റിൽ. കുന്നത്തേരി പേകുഴി വീട്ടിൽ റഫീക്ക് (38) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉളിയന്നൂരിൽ നിന്നും തൃശൂർ കൊച്ചുകടവ് സ്വദേശിയുടെ ബൈക്ക് മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നമ്പർ പ്ലേറ്റുകൾ ഇല്ലാതെ ഇതേ ബൈക്കുമായി റഫീക്കിനെ പിടികൂടുന്നത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ പക്കൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം, ആലുവ ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ മറ്റ് മൂന്ന് ബൈക്കുകൾ കൂടി പിടികൂടി. എല്ലാം നമ്പർ പ്ലേറ്റുകൾ ഊരി മാറ്റിയ നിലയിലായിരുന്നു.

click me!