
കാളികാവ്: ഒരു വീട് രണ്ട് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്താൽ എന്താകും അവസ്ഥ. സിനിമയിലൊക്കെ ഇത്തരം സംഭവം കണ്ടിട്ടുണ്ടാകാമെങ്കിൽ കാളികാവ് സ്വദേശി ഇസ്സുദീന് ഇത് തമാശയല്ല. വളരെ സീരിയസായ കാര്യമാണ്. തന്റെ വീട് രണ്ട് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്നതിന്റെ എല്ലാ ബുദ്ധിമുട്ടും അനുഭവിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
കാളികാവ് കറുത്തേനിയിലാണ് കരിമ്പന ഇസ്സുദ്ദീന്റെ വീട്. കിണറും അടുക്കളയും ഒരു കിടപ്പുമുറിയും വണ്ടൂർ പഞ്ചായത്തിലും രണ്ട് കിടപ്പുമുറികളും സിറ്റൗട്ടും കാളികാവ് പഞ്ചായത്തിലുമായിട്ടാണ് കിടക്കുന്നത്. ഇസ്സുദ്ദീനും കുടുംബവും ഉണ്ടുറങ്ങുന്നത് രണ്ട് പഞ്ചായത്തിൽ. 10 സെന്റ് ഭൂമിയും ഒരു വീടുമാണ് ഇദ്ദേഹത്തിന്റെ സമ്പാദ്യം. അതിൽ അഞ്ചര സെന്റ് ഭൂമി വണ്ടൂർ പഞ്ചായത്തിലും നാലര സെന്റ് ഭൂമി വണ്ടൂർ പഞ്ചായത്തിലുമാണ്. ഇരുപഞ്ചായത്തിന്റെയും അതിർത്തിയിലാണ് ഇസ്സുദ്ദീന്റെ ഭൂമി. പഞ്ചായത്തിന്റെ അതിർത്തി നിർണയത്തിലാണ് ഇക്കാര്യം അറിയുന്നത്.
വീടും സ്ഥലവും രണ്ട് പഞ്ചായത്തിലായതോടെ ബാങ്ക് വായ്പ, ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ എന്നിവക്കെല്ലാം പ്രയാസം നേരിടുന്നു. രേഖകൾക്കെല്ലാം രണ്ട് പഞ്ചായത്തിന്റെയും അതത് പഞ്ചായത്തുകളിലെ വില്ലേജ് ഓഫിസിലും കയറിയിറങ്ങണം. ഇതിന് ഇരട്ടിപണമാണ് ചെലവാകുന്നത്. സാധാരണ ഇത്തരം സ്ഥലം ഒറ്റ സർവേ നമ്പറിലാണ് ഉൾപ്പെടുത്തുക. എന്നാൽ ഇസ്സുദ്ദീന്റേത് രണ്ട് സർവേ നമ്പറിലാണ്. പ്രശ്നം അധികൃതരുടെ മുന്നിലെത്തിച്ചതോടെ കെട്ടിട നികുതി കാളികാവ് പഞ്ചായത്തിൽ അടക്കാൻ അനുമതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam