
കിളിമാനൂർ: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ ജോലിക്ക് നിർത്തി പീഡിപ്പിച്ച കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ മുളയ്ക്കലത്തുകാവ് ചരുവിള പുത്തൻവീട്ടിൽ ശ്രീഹരി(26) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് ചുമത്തിയാണ് ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലാണ് നടപടി.
അറസ്റ്റിലായ ശ്രീഹരിക്ക് ഭാര്യയും കുട്ടിയും ഉണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്- ഏറെ നാളുകളായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വീടുമായി അടുപ്പം ഉള്ള ആളായിരുന്നു പ്രതി. പെണ്‍കുട്ടിയോടും കുടുംബത്തോടും അടുപ്പമുള്ള സമയത്താണ് ഇയാൾ വിവാഹിതനാകുന്നത്. ഒരു കുഞ്ഞുമുണ്ടായി. ഇതിനിടെ പ്രതി ഭാര്യയുമായി പിണങ്ങി. ഈ സമയത്താണ് യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്.
പെൺകുട്ടിയെ ചടയമംഗലത്ത് കൊണ്ടു പോയി വിവിധ ഹോട്ടലുകളിൽ ജോലിക്ക് നിർത്തി. ഹോട്ടലുകാർക്കു സംശയം തോന്നി ചോദ്യം ചെയ്തതോടെ ഹോട്ടലുകളിൽ മാറി മാറി ജോലി ചെയ്തു. ഒടുവില്‍ ചടയമംഗലത്ത് വീട് വാടകയ്ക്ക് എടുത്ത് പെൺകുട്ടിയുമായി താമസം തുടങ്ങി. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന് കുട്ടിയുടെ അമ്മൂമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഈ പരാതിയില്‍ നഗരൂർ പൊലീസ് നടത്തിയ അന്വഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. അപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരറിയുന്നത്. ലോഡ്ജുകളിലും വാടക വീട്ടിലും താമസിച്ചാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നഗരൂർ എസ്ഐ:എസ്.സജുവും സംഘവും ആണ് ശ്രീഹരിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam