
തൃശൂർ: ഭർത്താവിന് വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംസാര ശേഷിയില്ലാത്ത സ്ത്രീയുടെ 17 പവൻ സ്വർണ്ണവും ഭർത്താവിന്‍റെ ഐഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. മലപ്പുറം പള്ളിപ്പുറം പെരുന്തല്ലൂർ സ്വദേശിയും സംസാര ശേഷിയില്ലാത്തതുമായ അറപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ് (26) എന്നയാളെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നുമാണ് പ്രതി പിടിയിലായത്. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബധിരരും മൂകരും മാത്രമുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ വച്ചുള്ള ചാറ്റിലൂടെയാണ് യുവാവ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടർന്ന് പേഴ്സണൽ ചാറ്റിലൂടെ ഭർത്താവിന് ഗൾഫിൽ ജോലി തരാമെന്ന് വാഗ്ദാനം ചെയ്തു. പണം തന്നാൽ ഗൾഫിൽ കൊണ്ട് പോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഇരുവരും തമ്മിലുള്ള ചാറ്റ് ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ ശേഷം വീട്ടമ്മയെ കുന്നംകുളത്തേക്ക് വിളിച്ചുവരുത്തി 17 പവൻ സ്വർണ്ണവും ഭർത്താവിന്‍റെ ഐഫോണും തട്ടിയെടുത്ത് സ്ഥലം വിട്ടു. ഇതോടെ യുവതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
കേസെടുത്ത പൊലീസ് സൈബർ സെല്ലിൻറെ സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പ്രതിയെ അന്വേഷണ സംഘം വിദഗ്ധമായി എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ പ്രതിയ്ക്ക് തിരൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസും, ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ സമാനരീതിയിലുള്ള ഒരു കേസും ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. ചാലിശേരിയിലെ കേസിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കുന്നംകുളം എസിപി സന്തോഷ് സി ആറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജയദീപ്, സബ് ഇൻസ്പെക്ടർമാരായ ജാബിർ സി പി അനൂപ് വി ബി, സുകുമാരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്, സിപിഒ മനീഷ്, അഖിൽ കൃഷ്ണ എന്നിവരാണ് ഉണ്ടായിരുന്നത്.