മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടി: അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍

By Web TeamFirst Published Jul 21, 2022, 1:15 PM IST
Highlights

കഴിഞ്ഞ മാസം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് 2.20 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ കാടാമ്പുഴ സ്വദേശി ഫൈസല്‍ പിടിയിലായതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയ അന്തര്‍ സംസ്ഥാന തട്ടിപ്പു കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവ് സ്വദേശി മാവുങ്ങല്‍ ഫൈസല്‍ ബാബു (38) വാണ് പിടിയിലായത്. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. കേസില്‍ ഉള്‍പ്പെട്ട സംഘത്തലവന്‍ മലപ്പുറം പിഞ്ഞാറ്റുംമുറി സ്വദേശി നീഗ്രോ മുനീര്‍ എന്ന പടിക്കല്‍ മുനീര്‍ (40), കാടാമ്പുഴ സ്വദേശി കുന്നത്തു വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (29), വേങ്ങര  കൂരിയാട് സ്വദേശി ശംസുദ്ദീന്‍ (35), കൂരിയാട് സ്വദേശി ലാലു എന്ന ശാന്തി ലാല്‍ (36), കുറ്റിപ്പുറം സ്വദേശി പുളിക്കപറമ്പില്‍ ജഅ്ഫര്‍ സ്വാദിഖ് (36), തൃശൂര്‍ നെടുകാടി മണികണ്ഠന്‍ (54) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

പണയം വക്കാനായി കൊണ്ടുവന്ന 10 പവനോളം മുക്കുപണ്ടങ്ങള്‍ പൊലീസ് പ്രതികളില് നിന്നും കണ്ടെടുത്തിരുന്നു. കഴിഞ്ഞ മാസം കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് 2.20 ലക്ഷം തട്ടാന്‍ ശ്രമിച്ച കേസില്‍ കാടാമ്പുഴ സ്വദേശി ഫൈസല്‍ പിടിയിലായതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിടികൂടിയ നീഗ്രോ മുനീറിന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20 ഓളം മുക്കുപണ്ട പണയ തട്ടിപ്പ് കേസുകളുണ്ട്. മൂന്ന് മാസം മുമ്പ് ഇയാളുള്‍പ്പെട്ട സംഘത്തെ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയതിന് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ്  കൊണ്ടോട്ടിയില്‍ മറ്റൊരു സംഘവുമായി തട്ടിപ്പിനെത്തിയത്. 

പിടിയിലായ ഫൈസലിനെതിരെ കാടാമ്പുഴ സ്റ്റേഷനില്‍ പോക്‌സോ കേസുമുണ്ട്. മലപ്പുറം സ്റ്റേഷനില്‍ പാസ്‌പോര്‍ട്ട് കേസും നിലവിലുണ്ട്. തൃശൂര്‍ സ്വദേശിയായ മണികണ്ഠനാണ് ഇവര്‍ക്ക് സ്‌കാനറില്‍ വെച്ചാലോ ഉരച്ചുനോക്കിയാലോ തിരിച്ചറിയാത്ത രീതിയില്‍ മുക്കുപണ്ടങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത്. ഇയാളുടെ പേരില്‍ 40 ഓളം കേസുകളാണ് വിവിധ ജില്ലകളിലായി നിലവിലുള്ളത്. മുക്കുപണ്ടങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളും തൃശൂരിലെ ഇയാളുടെ വാടക വീട്ടില്‍നിന്നും കണ്ടെടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി വൈ എസ് പി അശ്‌റഫ്, ഇന്‍സ്‌പെക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ നൗഫല്‍, ഗ്രേഡ് എസ് ഐ സുബ്രഹ്മണ്യന്‍, രാജു, പി സഞ്ജീവ്, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, ഷബീര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
 

click me!