
തിരുവനന്തപുരം: വർക്കലയിൽ വിൽപ്പനയ്ക്ക് എത്തിച്ച നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വർക്കല തിരുവമ്പാടിയിലെ കേരള സർക്കാർ അക്വാറിയത്തിന് മുൻവശത്ത് നിന്നുമാണ് പ്രതി എക്സൈസിന്‍റെ പിടിയിലായത്. കോവളം സ്വദേശി ദിവർ എന്ന വിഷ്ണുവാണ്(22) അറസ്റ്റിലായത്.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പാപനാശം, ഹെലിപ്പാട്, കുരയ്ക്കണ്ണി, തിരുവമ്പാടി എന്നീ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. പ്രദേശത്ത് വിദേശികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സജീവമാണ്. പൊലീസ് എക്സൈസ് വകുപ്പുകൾ സംയുക്തമായി മേഖലയിൽ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
കോഴിക്കോട്: പന്നിയങ്കരയിലെ ഹോട്ടൽ മുറിയിൽ നിന്നും രണ്ടു യുവാക്കളെ എംഡിഎംഎയുമായി പൊലീസ് പിടികൂടി. .210 മിഗ്രാം എംഡിഎംഎ യുമായി മാത്തോട്ടം സ്വദേശിയായ സജാദ് (24) , നടുവട്ടം എൻ.പി വീട്ടിൽ മെഹറൂഫ് (29) എന്നിവരാണ് പന്നിയങ്കരയിലെ ഹോട്ടൽ മുറിയിൽ നിന്നും പിടിയിലായത്. കോഴിക്കോട് ഹോട്ടലുകളിൽ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന് ലഭിച്ച വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പൊലീസും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്.
ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ രക്ഷപ്പെടാൻ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുന്നതാണ്
സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രത്യേകത. തലച്ചോറിലെ കോശങ്ങൾ വരെ നശിപ്പിക്കാൻ ശേഷിയുള്ള സിന്തറ്റിക് ഡ്രഗ്ഗുകളാണ് ദിനംപ്രതി ലഹരി വിപണിയിൽ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പെൺകുട്ടികളെയും യുവതലമുറയെയും ലക്ഷ്യംവെച്ചാണ് ലഹരി മാഫിയ ഇത്തരം മയക്കുമരുന്ന് ചെറുകിട വിതരണക്കാരിലൂടെ സമൂഹത്തിന്റെ നാനാതുറകളിലെത്തിക്കുന്നത്. ഏതുവിധത്തിലും ഉപയോഗിക്കാമെന്നതാണ് എംഡിഎംഎ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ കാരണം. പന്ത്രണ്ടുമണിക്കൂർ മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടുനിൽക്കും.
ഗോവയിൽ നിന്നും കർണാടകയിൽ നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകൾ യുവതലമുറയെ തകർക്കാൻ അതിർത്തി കടന്നെത്തുന്നത്. മുമ്പ് ഗ്രാമിന് രണ്ടായിരം രൂപ യായിരുന്നത് എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വിൽപന
നടത്തുന്നത്. ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഇ.മനോജ്, പന്നിയങ്കര സബ്ബ് ഇൻസ്പെക്ടർ മുരളിധരൻ, സബ്ബ് ഇൻസ്പെക്ടർ ശശീന്ദ്രൻ നായർ, സീനിയർ സിപിഒ പി. ജിനീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam