
കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ ലഹരി ശൃംഖലയിലെ പ്രധാന കണ്ണി കബൂത്തർ ഭായിയുടെ സഹായിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. കബൂത്തർ ഭായി എന്ന ജുഹിദുൽ ഇസ്ലാമിന് അസമിൽ നിന്നും ഹെറോയിൻ എത്തിച്ചുകൊടുത്തിരുന്ന മസൂദ് ആലമിനെയാണ്(25) 21 ഗ്രാം ഹെറോയിനുമായി എക്സൈസ് പിടികൂടിയത്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു മയക്കുമരുന്നുമായി ചുറ്റിത്തിരിഞ്ഞ മസൂദ് എറണാകുളം എക്സൈസ് സ്പെഷൽ ഇന്‍റലിജൻസ് സ്ക്വാഡ്, എറണാകുളം ടൗൺ നോർത്ത് സർക്കിൾ, എറണാകുളം ഐബി എന്നിവരുടെ സംയുക്ത പരിശോധനയിലാണു കുടുങ്ങിയത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ ഇന്റലിജൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവൻ്റീവ് ഓഫീസർ എൻ.ഡി.ടോമി, സിവിൽ എക്സൈസ് ഓഫീസർ അരവിന്ദ് ഉണ്ണി, ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.ജി.അജിത്ത് കുമാർ, എറണാകുളം നോർത്ത് സർക്കിളിലെ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ എം.എച്ച്.ഷിഹാബുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിഹാബ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
അതിമാരക ലഹരിയായ ചൈന വൈറ്റ് ഹെറോയ്നുമായി കുപ്രസിദ്ധ ലഹരിവിൽപ്പനക്കാരൻ കബൂത്തർ ഭായിയെ കൊച്ചിയിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. 16 ഗ്രാം ചൈന വൈറ്റ് ഹെറോയ്ൻ, ഒരു ഗ്രാം എം.ഡി.എം.എ, 30 ഗ്രാം കഞ്ചാവ് എന്നിവയാണ് എക്സൈസ് ഇയാളിൽ നിന്ന് പിടികൂടിയത്. കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് വിൽക്കാനായി കൊണ്ടുവന്നതായിരുന്നു ലഹരി മരുന്ന്. കാക്കനാട് ഭാരത് മാത കോളജിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് ഇവർ ഉണ്ടായിരുന്നത്. ലഹരി വിൽപ്പന നടത്തി കിട്ടിയ 2,85,000 രൂപയും, മൂന്ന് സ്മാർട്ട് ഫോണുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam