ഹരിപ്പാട് തിരുവോണ ദിവസം യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്: പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

By Web TeamFirst Published Oct 3, 2022, 10:01 PM IST
Highlights
യുവാക്കളെ ആക്രമിച്ച കേസിലെ പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഹരിപ്പാട്: യുവാക്കളെ ആക്രമിച്ച കേസിലെ പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാർത്തികപ്പള്ളി മഹാദേവികാട്  സ്വദേശികളായ പനച്ചയിൽ ശരത് ദാസ്, കൈലാസത്തിൽ കാളിദാസൻ, മുട്ടുങ്കൽ ചിറയിൽ അഖിൽ, നന്ദനം വീട്ടിൽ ആകാശ്, കളത്തിൽ രഞ്ജു രാജ്, ശ്രീജിത്ത് ഭവനത്തിൽ ശ്രീരാജ് എന്നിവർക്കായാണ് തൃക്കുന്നപ്പുഴ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. 

തിരുവോണ ദിവസം രാത്രി മഹാദേവികാട് എസ്എൻഡിപി എച്ച് എസിന് സമീപം വെച്ച് സമീപ വാസികളായ സുജിത്ത്, രാജേഷ് എന്നിവരെ പ്രതികൾ  ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Read more: കണ്ടല്ലൂരിൽ എംഡിഎംഎ പിടിച്ച കേസ്: എത്തിച്ചയാളെ ബെംഗളൂരുവിൽ നിന്ന് പൊക്കി പൊലീസ്

അതേസമയം, കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ പ്രതിയായ  ഒരു കെ എസ് ആര്‍ ടി സി ജീവനക്കാരൻ കൂടി പിടിയിൽ. നാലാം പ്രതി മെക്കാനിക്ക് എസ് അജികുമാറാണ് ഇന്ന് പിടിയിലായത്. കൺസെഷൻ പുതുക്കാനായെത്തിയ അച്ഛനെയും മകളെയും യൂണിഫോമിൽ ആക്രമിച്ച ആളാണ് ഇപ്പോൾ പിടിയിലായ അജികുമാർ.  ആക്രമണ ദൃശ്യങ്ങളിൽ നീല യൂണിഫോമിൽ കണ്ട അജിയെ കേസിൽ ആദ്യം പ്രതി ചേർക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. പൊലീസ് പ്രതിചേർത്തതിന് പിന്നാലെ കെ എസ് ആര്‍ ടി സി മാനേജ്മെന്‍റ് ഇയാളെ സർവീസിൽ നിന്ന് സസ്പെന്‍റ് ചെയ്തു. ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. 

കൂട്ടുപ്രതികൾക്ക് ഒപ്പം കഴിഞ്ഞ 12 ദിവസമായി അജിയും ഒളിവിലായിരുന്നു. സംഭവം നടന്ന് ഇത്രയും നാൾ പ്രതികളെ തൊടാതിരുന്ന പൊലീസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് തുടങ്ങിയത്. രണ്ടാം പ്രതി സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

click me!