
മൂന്നാർ: ഇടുക്കി കരിമ്പനിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെട്ടി പരിക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശിയായ ഷെറിനാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസി സണ്ണിയെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരു വർഷമായി സണ്ണിയും ഷെറിന്‍റെ കുടുംബവും തമ്മിൽ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇരുവീട്ടുകാരും തമ്മിൽ അതിർത്തിയെ ചൊല്ലി കാലങ്ങളായി വഴക്ക് പതിവാണെന്ന് പ്രദേശവാസികളും പറയുന്നു. സംഭവ ദിവസവും സണ്ണിയും ഷെറിന്‍റെ കുടുംബവും തമ്മിൽ വഴക്കുണ്ടായി. വാക്ക് തർക്കത്തിനൊടുവിൽ ഷെറിനെ സണ്ണി വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. വെട്ടേറ്റ് തലയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ ഷെറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമണത്തിന് മുമ്പ് സണ്ണിയുടെ മരുമകൻ ടോണി ഷെറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്.
ഷെറിന്‍റെ പിതാവ് ഈപ്പച്ചനും സഹോദരനും ശനിയാഴ്ച നടന്ന ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷെറിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഇവർക്ക് നേരെയും സണ്ണി വാക്കത്തി വീശിയിരുന്നു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് സണ്ണിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ ഒരു ബിഹാറുകാരൻ, കയ്യിലൊരു ബാഗ്; പൊക്കിയപ്പോൾ കിട്ടിയത് 5 കിലോ കഞ്ചാവ്!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam