
തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിലെ തർക്കം തുടരുന്നു. വിഴിഞ്ഞം വാർഡിലെ സ്ഥാനാർഥി നിർണയത്തിൽ കോവളം എംഎൽഎ എം. വിന്‍സന്‍റിനെതിരെ കെപിസിസിക്ക് പരാതി നൽകിയ ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാൻ ഹുസൈൻ രാജിവെച്ചു. വിമർശിക്കുന്നവരെ വെട്ടിയൊതുക്കുന്നുവെന്നും, കോവളത്തെ പാർട്ടിയെ വിൻസെൻറ് ദുർബലമാക്കിയെന്നും രാജിക്കത്തിൽ ഹിസാൻ ഹുസൈൻ തുറന്നടിച്ചു.
പ്രവർത്തകരെ എംഎൽഎ പൂർണമായി അവഗണിക്കുകയാണ്. പദവിയും പരിഗണനയും ഇഷ്ടക്കാർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. വിൻസെന്‍റിനെതിരെ പാർട്ടിക്ക് പുറത്ത് പോരാട്ടം തുടരുമെന്നും ഹിസാൻ ഹുസൈൻ വ്യക്തമാക്കി. യൂത്ത് കോൺഗ്രസിന്‍റെ മുൻ സോഷ്യൽ മീഡിയ കോഡിനേറ്റർ കൂടിയായ ഹിസാൻവിഴിഞ്ഞത്ത് സ്വതന്ത്രനായി മത്സരിക്കും. കോര്‍പ്പറേഷനില്‍ ഉള്‍പ്പെടുന്ന ഹാര്‍ബര്‍, വിഴിഞ്ഞം, പോര്‍ട്ട് വാര്‍ഡുകളില്‍ വാര്‍ഡ് കമ്മിറ്റികളുടെ തീരുമാനങ്ങളെ അട്ടിമറിച്ച് എംഎല്‍എയുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നെന്നാണ് ആരോപണം.
കരുകുളം, ബാലരാമപുരം, പൂവാര്‍, കോട്ടുകാല്‍, കല്ലിയൂര്‍, വെങ്ങാനൂര്‍ പഞ്ചായത്തുകളിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനെതിരെ വ്യാപകമായ ആക്ഷേപമുയർന്നിരുന്നു. നേതാക്കൾ കെപിസിസിയിലും ഡിസിസിയിലും നിരവധി പരാതികളാണ് നൽകിയത്. പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ രാജി. തന്റെ പെട്ടി ചുമക്കുന്ന രാഷ്ട്രീയ അടിമകളെ പാർട്ടിയുടെയും യുവജന സംഘടനകളുടെയും ഉന്നത സ്ഥാനങ്ങളിൽ തിരുകി കയറ്റി തിരുവനന്തപുരത്തെ ഒരേ ഒരു കോൺഗ്രസ് എംഎൽഎ എന്ന അധികാരം ദുർവിനിയോഗിച്ചുകൊണ്ട് വിൻസെന്റ് നടത്തിവരുന്ന സംഘടനയെ ദുർബലമാക്കുന്ന പ്രവർത്തനങ്ങളെ പാർട്ടി വേദികളിൽ വിമർശിക്കുന്നവരോട് വളരെയധികം വൈരാഗ്യപൂർവ്വമായാണ് അദ്ദേഹം പ്രവർത്തിച്ചു വരുന്നതെന്ന് രാജിക്കത്തിൽ പരാമർശിച്ചു. എന്റെ 16 വർഷത്തെ രാഷ്ട്രീയ ഭാവിയെ നിഷ്കരുണം ചവിട്ടി തേച്ച എംഎൽഎയോട് തോറ്റ് പുറത്തായി വീട്ടിലിരിക്കുവാൻ മാത്രം ഞാൻ ഭീരു ആയി തീർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.