യുവാവിന്റെ മരണം; ഒന്നര വര്‍ഷം മുമ്പ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു

By Web TeamFirst Published Oct 24, 2018, 6:43 AM IST
Highlights

2017 ഏപ്രില്‍ 8 നാണ് നെല്ലിയാമ്പതി എസ്റ്റേറ്റ് സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന യുവാവ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് റിന്‍സനെ  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെട്ടന്ന് അബോധാവസ്ഥയിലാവാനുള്ള കാരണം വ്യക്തമാവാത്തതിലും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സ സംബന്ധിച്ച ദുരൂഹതകളും ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ അറിയിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. 

കോഴിക്കോട്: ഒന്നര വര്‍ഷം മുമ്പ് വെസ്റ്റ്ഹില്‍ പൊതു ശ്മശാനത്തില്‍ അടക്കം ചെയ്ത യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌ മോര്‍ട്ടത്തിനയച്ചു. തടമ്പാട്ടുതാഴം സ്വദേശി റിന്‍സ(31)ന്റെമൃതദേഹമാണ് ഇന്ന് 'ഫോറന്‍സിക്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ശ്മശാനത്തില്‍ നിന്ന് പുറത്തെടുത്തത്. രാവിലെ പതിനൊന്നരയോടെ തഹസില്‍ദാര്‍ കെ.ടി. സുബ്രഹ്മണ്യന്റെ സാന്നിധ്യത്തില്‍ പൊലീസ് പുറത്തെടുത്ത അസ്ഥികള്‍ മാത്രമായ മൃതേദഹം നോര്‍ത്ത് അസി. കമീഷണര്‍ ഇ.പി. പൃഥിരാജ്, ചേവായൂര്‍ സി.ഐ കെ.കെ. ബിജു, എസ്‌.ഐ ഇ.കെ. ഷിജു, കണ്ണൂര്‍ ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍ അജീഷ്, പൊലീസ് സര്‍ജന്‍ ഡോ. കെ. കൃഷ്ണകുമാര്‍, ഡോ.വിനീത് എന്നിവരുടെ പരിശോധനക്കുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപുത്രിയിലേക്ക് മാറ്റി.

2017 ഏപ്രില്‍ 8 നാണ് നെല്ലിയാമ്പതി എസ്റ്റേറ്റ് സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന യുവാവ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് റിന്‍സനെ  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെട്ടന്ന് അബോധാവസ്ഥയിലാവാനുള്ള കാരണം വ്യക്തമാവാത്തതിലും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെ ചികിത്സ സംബന്ധിച്ച ദുരൂഹതകളും ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ അറിയിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ഇതിനിടെ പത്തിന് രാവിലെ എട്ടരയോടെ റിന്‍സന്‍ മരിച്ചു. പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മാശനത്തില്‍ അടക്കംചെയ്യുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഐജിക്കുമടക്കം പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. തുടര്‍ന്ന് പിതാവ് ജലീല്‍ മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കിയതിനെതുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവായത്. നോര്‍ത്ത് എസി പൃത്ഥ്വിരാജ്, ചേവായൂര്‍ സി. ഐ കെ കെ ബിജു, എസ്.ഐ. ഇ.കെ. ഷാജു, ഫോറന്‍സിക് വിദഗ്ധര്‍, തഹസില്‍ദാര്‍ കെ.പി. സുബ്രഹ്മണ്യം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

click me!