
കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ഗ്യാസ് മിനിലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. മേലുകാവ് സ്വദേശി റിന്‍സ് സെബാസ്റ്റ്യനാണ് മരിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ടയില്‍ നിന്നും മേലുകാവ് ഭാഗത്തേയ്ക്ക് ഗ്യാസ് സിലിണ്ടറുമായി പോയ ലോറി തൊടുപുഴയില്‍ നിന്നും എരുമേലിയിലേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു.
വാഹനമോടിച്ചിരുന്ന റിൻസ് ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങി പോയി. അപകടത്തിനു പിന്നാലെ റിൻസിനെ പുറത്തിറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് റിൻസിനെ പുറത്തെടുത്തത്. അപ്പോഴേക്കും അപകടം സംഭവിച്ച് അരമണിക്കൂറിലേറെ കഴിഞ്ഞിരുന്നു.
ലോറിയില്‍ നിന്നും പുറത്തെടുത്തപ്പോഴേക്കും റിൻസിന്റെ മരണം സംഭവിച്ചിരുന്നു. മഴയിൽ നനഞ്ഞു കിടന്ന റോഡില്‍ തെന്നിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് വടക്കന്‍ചേരിയില്‍ നിന്നുമുള്ള കെഎസ്ആര്‍ടിസി ബസുമായാണ് ലോറി കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് കണ്ടക്ടര്‍ മംഗലംഡാം സ്വദേശി ബിജു സ്‌കറിയയ്ക്കും രണ്ട് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.