
തിരുവനന്തപുരം: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ- ആര്യനാട് റോഡിൽ തോളൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. പറണ്ടോട് പുറത്തിപ്പാറ വിഭഭവനിൽ വിജയകുമാറിന്‍റെയും ദീപയുടെയും മകൻ വിധു (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വിധുവും സുഹൃത്ത് മിഥുനും മുടിവെട്ടാൻ പോയി വന്ന വഴിയിൽ ഉഴമലയ്ക്കൽ കാരനാട് ജങ്ഷനു സമീപം വളവിൽ വച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നു.
റോഡരികിലെ പുല്ലിലേക്ക് ബൈക്ക് തെന്നിക്കയറിയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. യുവാവിന്‍റെ തല പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടം ആദ്യം ആരും അറിഞ്ഞിരുന്നില്ല. അതുവഴി വന്ന മറ്റൊരു വാഹനത്തിന്‍റെ ഡ്രൈവറാണ് പരുക്കേറ്റ് മിധുൻ റോഡിലൂടെ നിരങ്ങുന്നത് ശ്രദ്ധയിൽപെട്ടത്.
ഇയാൾ ഉടൻ സമീപത്തുള്ളവരെ വിളിച്ച് കൂട്ടുകയും ഉടൻ തന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എങ്കിലും വിധുവിന്‍റെ ജീവൻരക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്ത് മിഥുൻ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽകോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിധു ചാക്ക ഐടിഐയിലെ വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്കരിച്ചു. വിവേക്, വിഭ എന്നിവർ സഹോദരങ്ങളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam